pilgrimeroad
കാലടി മലയാറ്റൂർ റോഡ്

കാലടി: മലയാറ്റൂർ - കാലടി തീർത്ഥാടന റോഡിന് ശാപമോഷം കിട്ടുന്നത് കാത്ത് നിൽക്കുകയാണ് മലയാറ്റൂർ ആക്ഷൻ കൗൺസിലും,ജനങ്ങളും.റോഡിന്റെ പുറമ്പോക്ക് ഭൂമി കണ്ടെത്തി വീതി കൂട്ടുവാനാണ് രണ്ട് മാസം മുൻപ് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. എന്നാൽ ഇലക്ഷൻ പ്രഖ്യാപിച്ചതിനെ തുടർന്ന് ഉത്തരവിന്റെ ചർച്ചപ്പോലും നടന്നില്ല. തുടർന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ കളക്ടർ എസ്.സുഹാസിനെ കണ്ട് ചർച്ച നടത്തി. എ.ഡി.എമ്മിന്റ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വിവിധ ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥർക്ക് എ.ഡി.എം ചുമതലകൾ ഏൽപ്പിച്ചു.കാലടി ടൗൺ മുതൽ മലയാറ്റൂർ അടിവാരം വരെയുള്ള 10 കിലോമീറ്റർ ദൂരത്താണ് കയ്യേറ്റങ്ങൾ ഒഴിപ്പിക്കേണ്ടത്.വ്യക്തികളും, സ്ഥാപനങ്ങളും അനധികൃതമായി കൈവശം വെച്ച ഭൂമി 2012-ൽ പി.ഡബ്ല്യു.ഡി കണ്ടെത്തിയിരുന്നു. ഇത് അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ച മൂലം പദ്ധതി നടപ്പിലായില്ല. ഇതിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമരങ്ങൾ നടന്നു.ഇതിനിടെ കോടികൾ ചിലവാക്കി റോഡിന്റെ നിർമ്മാണവും, മെയിന്റനൻസ് പണികളും സർക്കാർ നടത്തി കൊണ്ടിരുന്നു.കോടതി വിധി നടപ്പിലാക്കുന്നതോടെ നിരവധി സ്ഥാപനങ്ങളും, വീടുകളും റോഡരികിൽ നിന്ന് പൊളിച്ച് നീക്കപ്പെടും. 2015 ലാണ് മലയാറ്റൂർ സ്വദേശിയും, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ടി.ഡി. സ്റ്റീഫൻ പൊതുതാൽപ്പര്യ ഹർജി നൽകിയത്.ഈ കാലയളവിൽ 90-ഓളം വാഹന അപകടങ്ങളും 9 അപകട മരണങ്ങളും നടന്നു. നൂറ് കണക്കിന് ടോറസ് ടിപ്പർ ലോറികൾ ഓടുന്ന ഒരു പ്രധാന റോഡാണിത്.റോഡിലെ കുഴികൾ‌, വെള്ളക്കെട്ട്, മാലിന്യ നിക്ഷേപം എന്നിവയെല്ലാം പരിഹരിക്കുന്നതിന് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അനധികൃ ത കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ, കാനകൾ നിർമ്മിക്കൽ, വൈദ്യുതി, ടെലഫോൺ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കൽ ,തുടങ്ങിയ നടപടികളാണ് വിവിധ വകുപ്പകൾ നടത്തേണ്ടത്. കെ.എസ്.ഇ.ബി.,പി.ഡബ്ല്യു.ഡി, വാട്ടർ അതോറിറ്റി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർക്കെതിരെയാണ് കോടതിയിൽ പരാതി നൽകിയിട്ടുള്ളത്.

#പ്രാഥമികമായി നടത്തേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്താതെ സർക്കാർ കോടികൾ ചിലവാക്കുന്നതിനെതിരെ ആക്ഷൻ കൗൺസിൽ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. കോടതിയിൽ കേസ് നിലനിൽക്കെ നടപടിയെടുക്കാൻ സർക്കാർ തുനിയുന്നില്ല.

ടി.ഡി. സ്റ്റീഫൻ,​ ആക്ഷൻ കൗൺസിൽ ചെയർമാൻ

#കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് വെറും നാമമാത്രം.

200l- മുതൽ റോഡിന് ചിലവായത് 1 കോടി,

മെയിന്റനൻസ് 55 ലക്ഷം,

എം.എൽ.എ. ഫണ്ട് 7 ലക്ഷം,

കാന നിർമ്മാണം 15 ലക്ഷം,

പുനർനിർമ്മാണം 65 ലക്ഷം,

വീണ്ടും മെയിന്റനൻസ് 25 ലക്ഷം.