house

ആലുവ: ആലുവയിൽ വീടു കുത്തിത്തുറന്ന് 20 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 40 പവൻ സ്വർണവും ഉൾപ്പെടെ 30 ലക്ഷം രൂപയുടെ കവർച്ച. തോട്ടയ്ക്കാട്ടുകര ജി.സി.ഡി.എ റോഡിൽ സലഫി സെന്ററിന് എതിർവശം പൂണോലി ജോർജ്ജ് മാത്യുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

താഴെ നിലയിലെ കിടപ്പുമുറിയിലുള്ള ഡിജിറ്റൽ ലോക്കറിൽനിന്നാണ്‌ 20 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ, 65,000 രൂപ, 2000 യു.എസ്. ഡോളർ, 800 പൗണ്ട്, 40 പവൻ സ്വർണം തുടങ്ങിയവ മോഷ്ടിച്ചത്. പിൻവാതിൽ കുത്തിത്തുറന്ന്‌ അകത്തുകടന്ന മോഷ്ടാക്കൾ മറ്റ് മുറികൾ തുറക്കുകയോ നാശനഷ്ടം വരുത്തുകയോ ചെയ്തിട്ടില്ല.

ദീർഘകാലം വിദേശത്തായിരുന്ന ജോർജ്ജും കുടുംബവും അടുത്തകാലത്താണ് ഇവിടെ സ്ഥിരതാമസമാക്കിയത്. വെള്ളിയാഴ്ച വൈകിട്ട് എറണാകുളം വാഴക്കാലയിലെ ബന്ധുവീട്ടിൽ പോയി രാത്രി 11.30 ഓടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്.

റിമോട്ട് ഉപയോഗിച്ച് തുറക്കുന്ന ഗേറ്റാണ് വീടിന്റേത്.

വീടിന്റെ ഒരുവശം ഒഴിഞ്ഞുകിടക്കുന്ന പറമ്പും പിൻവശം പെരിയാറുമാണ്. ഒഴിഞ്ഞ പറമ്പിലൂടെ വീടിന്റെ പിന്നിലെത്തി മോഷ്ടാക്കൾ മതിൽ ചാടി കടക്കുകയായിരുന്നുവെന്ന് കരുതുന്നു.

ഗേറ്റിൽ മാത്രമാണ് സി.സി.ടി.വി കാമറയുള്ളത്. അതിനാൽ പ്രതികളുടെ ചിത്രം ലഭ്യമായിട്ടില്ല. ജോർജ്ജും കുടുംബവും പുറത്തുപോയത് അറിയാവുന്നവരാണ് കവർച്ചയ്ക്കു പിന്നിലെന്നാണ് സൂചന. ആലുവ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലം സന്ദർശിച്ചു.

മോഷ്ടാക്കളെ കണ്ടെത്താൻ ജി.സി.ഡി.എ റോഡിലെയും ഓൾഡ് ദേശം റോഡിലെയും സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചുതുടങ്ങി. സെമിനാരിപ്പടി, മണപ്പുറം, ഹോളി ഗോസ്റ്റ് സ്കൂൾ തുടങ്ങിയ ഭാഗങ്ങളിൽ എവിടെ നിന്നെങ്കിലുമായിരിക്കും പ്രതികൾ എത്തിയിരിക്കുക. ഹൗസിംഗ് കോളനിയാണെങ്കിലും പലപ്പോഴും റോഡിൽ ആളുകൾ കുറവാണ്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, ഡിവൈ.എസ്.പി ജി. വേണു, സി.ഐ സുരേഷ്, എസ്.ഐ ജി. അരുൺ എന്നിവർ സ്ഥലം സന്ദർശിച്ചു. ആലുവ എസ്.എച്ച്.ഒ സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.