ആലുവ: സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം പെരിയാറിൽ കുളിക്കാനെത്തിയ ബി.ടെക് വിദ്യാർത്ഥി മുങ്ങി മരിച്ചു. കാഞ്ഞിരപ്പിള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളേജിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥി കോട്ടയം വാകത്താനം കൊച്ചുപറമ്പിൽ കെ.സി. ബൈജുവിന്റെ മകൻ ബെന്യാമിൻ ബൈജു(19)വാണ് മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ആലുവ മണപ്പുറം കടവിന് സമീപമായിരുന്നു അപകടം. എടത്തല കുഴിവേലിപ്പടി കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിൽ ബി. ആർക്കിന് പഠിക്കുന്ന സഹോദരൻ ബെൻഹറിനും സഹപാഠികൾക്കുമൊപ്പമാണ് ബെന്യാമിൻ കുളിക്കാനെത്തിയത്. പുഴയിൽ അൽപ്പനേരം നീന്തിയ ശേഷം വീണ്ടും നീന്തുന്നതിനിടെ കുഴഞ്ഞുപോകുകയായിരുന്നു. ഫിക്സ് രോഗത്തെ തുടർന്നാണ് കുഴഞ്ഞുപോയതെന്ന് പൊലീസ് പറഞ്ഞു. കരയിൽ നിന്നും അൽപ്പദൂരം മാത്രമാണ് നീങ്ങിയത്. കൂടെയുണ്ടായിരുന്നവർക്ക് നീന്തൽ അറിയില്ലായിരുന്നു. തോർത്ത് ഇട്ടുനൽകിയെങ്കിലും രക്ഷിക്കാനായില്ല.
കരയിലുണ്ടായിരുന്ന സുഹൃത്തുക്കൾ കരഞ്ഞതോടെ നാട്ടുകാരും പിന്നീട് ഫയർഫോഴ്‌സുമെത്തി തിരച്ചിൽ നടത്തി മുക്കാൽ മണിക്കൂറിന് ശേഷമാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.
ആലുവ നജാത്ത് ആശുപത്രിയിലും പിന്നീട് രാജഗിരിയിലും എത്തിച്ചതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അമേരിക്കയിൽ നിന്നുള്ള ബന്ധുക്കൾ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം. അമ്മ:ദീനാമ്മ (അദ്ധ്യാപിക,ഗവൺമെന്റ് എൽ.പി. സ്‌കൂൾ ഇരവിനെല്ലൂർ) സഹോദരൻ: ബെഞ്ചമിൻ .