കൊച്ചി: കലൂർ വൈലോപ്പിള്ളി നഗറിലുള്ള നിഷിൻ ഹോട്ടലിന് ഇന്നലെ താഴിട്ടപ്പോൾ ഉടമ ഷിമിലിന്റെ മുഖത്ത് ചിരിക്കിടയിലും ഒരു നൊമ്പരം തെളിഞ്ഞു. ആവശ്യക്കാർക്ക് ചൂട് ചായയും ഊണും വച്ചുവിളമ്പിയിരുന്ന ആ ഹോട്ടൽ ഇനി തുറക്കില്ല. വിജയന്റെ ചായക്കടയെന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിച്ച ഹോട്ടലിന് പൂട്ടുവീഴുമ്പോൾ കലൂർ നിവാസികൾക്ക് ബാക്കിയാവുന്നത് ചായക്കടയ്ക്കുള്ളിൽ രാഷ്ട്രീയവും ചർച്ചയും നിറഞ്ഞ അമ്പതാണ്ട് പഴക്കമുള്ള ഓർമ്മകളാണ്.
എറണാകുളം നഗരമാകെ പാടമായിരുന്ന കാലത്താണ് ഷിമിലിന്റെ മുത്തച്ഛൻ രാമൻ കട വാടകയ്ക്കെടുത്ത് പലചരക്ക് കടയിട്ടത്. പിന്നീട് മകൻ വിജയനാണ് നഗരം വളരുന്തോറും അവിടെ പലചരക്ക് കടയേക്കാൾ ആവശ്യം ഹോട്ടലാണെന്ന് തിരിച്ചറിഞ്ഞ് മൂത്ത മകൻ നിഷിന്റെ പേരിൽ ഹോട്ടൽ ആരംഭിച്ചത്. കലൂർ പ്രദേശത്തെ ഏക ചായക്കടയായി വർഷങ്ങളോളമത്. ഫുട്ബാൾ ലോകകപ്പ് മത്സരം നടക്കുമ്പോൾ പാതിരാ പിന്നിട്ടാലും കളിപ്രേമികൾക്കായി വിജയൻ ചായക്കട തുറന്നുവച്ചു. വെള്ളേപ്പത്തിന് 50 പൈസയുണ്ടായിരുന്ന കാലത്ത്, കൊതിയോടെ ഹോട്ടലിനരികിൽ മാറിനിന്ന് നോക്കിയിരുന്നത് ബി.ജെ.പി എറണാകുളം നിയോജക മണ്ഡലം അധ്യക്ഷൻ സി.ജി രാജഗോപാൽ ഓർത്തെടുത്തു. മുതിർന്നവരുടെ രാഷ്ട്രീയ ചർച്ചകൾ കത്തിക്കയറുന്ന ഹോട്ടലിനകത്തേക്ക് അന്ന് കുട്ടികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. വൈലോപ്പിള്ളി അടക്കമുള്ള സാംസ്കാരിക പ്രമുഖരും രാഷ്ട്രീയ നേതാക്കളും പലപ്പോഴും വിജയന്റെ ചായക്കടയിൽ അത്തരം ചർച്ചകളുടെ ഭാഗമായി. കലൂരിലുള്ളവർ ആദ്യമായി ഫ്രൂട്ട്സാലഡിന്റെ രുചിയറിഞ്ഞതും വിജയന്റെ ചായക്കടയിൽ നിന്നാണ്.
25 വർഷമായി വിജയന്റെ ഇളയമകൻ ഷിമിലാണ് ചായക്കട നടത്തിപ്പ്. വെപ്പുകാരന്റെയും വിളമ്പുകാരന്റെയും കാഷ്യറുടെയെല്ലാം റോളിൽ അച്ഛനെ പോലെ ഒറ്റയ്ക്ക്. രണ്ടടി ചുവട് വച്ചാൽ ഒരു ഹോട്ടൽ എന്ന നിലയിലേക്ക് നഗരം വളർന്നത് പെട്ടെന്നായിരുന്നു. രാഷ്ട്രീയ ചർച്ചകൾ മൊബൈലിലേക്ക് ഒതുങ്ങി. ചെറുപ്പക്കാർ ന്യൂജെൻ ഹോട്ടലുകളിലെ രുചികളിൽ മയങ്ങി. ഇതോടെ കട പൂട്ടിയാലോ എന്ന ആലോചന അച്ഛൻ വിജയനുമായി പങ്ക് വച്ചപ്പോൾ ഒരേയൊരു ആഗ്രഹം അദ്ദേഹം പറഞ്ഞു. പൂട്ടുന്ന ദിവസം കടയിലെത്തുന്നവർക്ക് ഭക്ഷണം സൗജന്യമായിരിക്കണം. അങ്ങനെ ഇന്നലെ 250 ലേറെ പേർക്ക് ചിക്കൻ കറിയും സാമ്പാറും അച്ചിങ്ങ മെഴുക്കുപുരട്ടിയും മോരുകറിയുമെല്ലാം ചേർന്ന ഊണ് ഷിമിൽ വിളമ്പി. ഒഴിഞ്ഞ ക്യാഷ്ബോക്സും നിറഞ്ഞ മനസുമായി വാടക കടയ്ക്ക് താഴിടുമ്പോൾ ഭാര്യ ജിബിയും മകൻ ആദിത്തും കൂടെ നിന്നു. പ്രദേശത്തുള്ള സുഹൃത്തുക്കൾ ഇവർക്ക് യാത്രയയപ്പ് നൽകി. ഷിമിൽ സ്നേഹത്തോടെ അമ്മു എന്ന് വിളിച്ചിരുന്ന പൂച്ചയും മുതലാളിയെ പിരിയാനുള്ള സങ്കടത്തോടെ വാതിലിനരികിൽ മുട്ടിയുരുമ്മി നിന്നു.