കൊച്ചി : കെട്ടിക്കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കാൻ തീവ്രശ്രമമുണ്ടാകണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് അഭിപ്രായപ്പെട്ടു. നാഷണൽ ലോക് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വിവിധ കോടതികളിലെ 361 ബൂത്തുകളിലായി നടന്ന ലോക് അദാലത്തിൽ 1,33,673 കേസുകളാണ് പരിഗണിച്ചത്. ഇവയിൽ 41,716 എണ്ണം കെട്ടിക്കിടക്കുന്നവയാണ്. ഇത്തരം പെറ്റി കേസുകൾ തീർപ്പാക്കാൻ പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് ഹൈക്കോടതി ജഡ്ജിയും കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം പറഞ്ഞു. ജസ്റ്റിസ് എ.എം.ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തി. എട്ടുപേർക്കുള്ള മോട്ടോർ വാഹന അപകട നഷ്ടപരിഹാരത്തുക ചടങ്ങിൽ വിതരണം ചെയ്തു. ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് നാരായണ പിഷാരടി, കേരള ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ.ടി. നിസാർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.