മൂവാറ്റുപുഴ: ബസിൽ കയറുന്നതിനിടെ സ്ക്കൂൾ വിദ്യാർത്ഥിയെ ബസ് ജീവനക്കാർ റോഡിലേക്ക് തളളി വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മംഗലത്തുനട പഴമ്പിള്ളിൽകുടി സുരേഷിന്റെ മകൻ അഞ്ചൽ സുരേഷിനെ (16) മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വെെകിട്ട് 4.30ന് സ്ക്കൂൾ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലാണ് സംഭവം. കൂട്ടുകാരോടൊപ്പം ബസിൽ കയറുന്നതിനിടെ ബസ് ജീവനക്കാരൻ അഞ്ചലിനെ തള്ളിയിട്ട് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. അഞ്ചലിന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ബഹളം വച്ച് ബസ് നിർത്തിച്ചു. ഇതേ ബസിൽ തന്നെ കൂട്ടുകാരോടൊപ്പം അഞ്ചലിനെ കയറ്റി വിട്ടു.
വീട്ടിലെത്തിയ അഞ്ചലിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.
മൂവാറ്റുപുഴ- കാക്കനാട് റൂട്ടിൽ സ്ഥിരം സർവ്വീസ് നടത്തുന്ന ബസിന് പകരം താൽക്കാലിക പെർമിറ്റിൽ ഓടിയ ബസിലെ ജീവനക്കാരനാണ് അഞ്ചലിനെ തള്ളിയിട്ടത്. പട്ടിമറ്റം പൊലീസ് കേസ് എടുത്തു.
രാവിലേയും വെെകിട്ടും സ്ക്കൂൾകുട്ടികളെ സ്റ്റോപ്പിൽ കണ്ടാൽ ബസ് നിർത്താറില്ലെന്നും പെൺകുട്ടികൾ അടക്കമുള്ളവർക്ക് അസഭ്യ വർഷം പതിവാണെന്നും പരാതികളുണ്ട്.