കൊച്ചി: ജില്ലയെ മാലിന്യമുക്തമാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാഭരണകൂടം നടപ്പിലാക്കുന്ന 'എന്റെ ക്ലീൻ എറണാകുളം'പദ്ധതിയ്ക്ക് തുടക്കം. മുട്ടം മെട്രോ സ്‌റ്റേഷൻ പരിസരത്ത് രാവിലെ ജില്ലാ കളക്ടർ എസ്.സുഹാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം .എൽ. എ യും ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.
മുട്ടം മെട്രോ സ്‌റ്റേഷൻ മുതൽ അമ്പാട്ട്കാവ് വരെയുള്ള ഒരു കിലോമീറ്റർ ദേശീയപാതയോരം കളക്ടറുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഇവിടുത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കുന്നതിൽ കളക്ടറും നേരിട്ട് പങ്കാളിയായി. കളമശ്ശേരി പോളിടെക്‌നിക് കോളേജ്, എസ്.സി.എം.എസ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള 208 നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാർ, 65 അൻപൊട് കൊച്ചി വളണ്ടിയർമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. 20 വളണ്ടിയർമാരടങ്ങുന്ന വിവിധ ഗ്രൂപ്പുകളായി തിരിച്ച് പത്ത് മീറ്റർ അകലത്തിലായിരുന്നു ശുചീകരണം.
പാതയോരത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തള്ളരുതെന്ന് വ്യാപാരികളോട് കളക്ടർ അഭ്യർത്ഥിച്ചു. ഓരോ 15 ദിവസത്തിലും ഇത്തരം ശുചീകരണ യജ്ഞം സംഘടിപ്പിക്കും. മാലിന്യം നീക്കുന്നതിലെ വെല്ലുവിളികൾ മനസി​ലാക്കാനും പരിസര ശുചിത്വത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനുമാണ് പരിപാടി .