കിഴക്കമ്പലം: പള്ളിക്കര ജംഗ്ഷനിൽ നിന്നും കാക്കനാട്ടേക്ക് തിരിയുന്ന ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷം. രാവിലെയും വൈകിട്ടുമാണ് കുരുക്കേറുന്നത്. ഇടുങ്ങിയ ജംഗ്ഷനായതിനാൽ വലിയ വാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. ലോ ഫ്ലോർ ബസുകളാണ് തിരിയുവാൻ ഏറെ ബുദ്ധിമുട്ടുന്നത്. പള്ളിക്കര ജംഗ്ഷനു സമീപമുള്ള ആനാടത്ത് പാടം റോഡ് പള്ളിക്കര പവർ ഗ്രിഡിനു സമീപംഎത്തുന്ന വിധത്തിൽബൈപ്പാസ് റോഡ് നിർമ്മിച്ചാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഒരു കിലോമീറ്റർ താഴെ മാത്രം വരുന്ന ഈ റോഡിന്റെ നിർമ്മാണത്തിന് കുന്നത്തുനാട് പഞ്ചായത്ത് ശ്രമം നടത്തിയെങ്കിലും നടപടിയായില്ല.റോഡ് നിർമ്മാണത്തിന് ജില്ലാ പഞ്ചായത്ത് ഫണ്ടും വാഗ്ദാനം ചെയ്തിട്ടുണ്ട്. കുറച്ചു സ്ഥലം മാത്രമാണ് റോഡുകൾക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. കൂടാതെ പവർ ഗ്രിഡിനു സമീപത്തു നിന്നും ചന്തക്കടവ് വഴി മാർക്കറ്റ് ജംഗ്ഷനിലേക്ക് റോഡ് നിർമ്മിക്കാൻ കഴിയും .പള്ളിക്കര ജംഗ്ഷനിലെ കുരിശുപള്ളി റോഡ് വികസനത്തിനായി വിട്ടു നൽകാമെന്ന് പള്ളിക്കര കത്തീഡ്രൽ നേരത്തെ തീരുമാനം എടുത്തിരുന്നുവെങ്കിലും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല.
ബസ് യാത്രക്കാർക്ക് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ ഇവിടെ എത്തുന്ന യാത്രക്കാർക്ക് കയറി നിൽക്കാൻ കടവരാന്തകൾ മാത്രമാണ് ശരണം. ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, കോലഞ്ചേരി, എറണാകുളം മേഖലകളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് മൂന്ന് ബസ് സ്റ്റോപ്പുകളാണുള്ളത്. ഇവിടങ്ങളിലെല്ലാം യാത്രക്കാർ കയറി നിൽക്കുന്നത് കടകളുടെ വരാന്തകളിലാണ്. വർഷങ്ങൾക്ക് മുമ്പ് പള്ളിക്കര മാർക്കറ്റ് മൈതാനം ബസ് സ്റ്റാൻഡാക്കണമെന്ന തീരുമാനം ഉണ്ടായതാണ്. എന്നാൽ നടപടിയൊന്നുമുണ്ടായില്ല. പള്ളിക്കര മൈതാനം വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമാണ്. , കാത്തിരിപ്പു കേന്ദ്രത്തിനായി പൊതു മരാമത്ത് വകുപ്പിനെ സമീപിച്ചതായും പ്രസിഡന്റ് കെ.കെ പ്രഭാകരൻ പറഞ്ഞു.
ഗതാഗത കുരുക്കൊഴിവാക്കാൻ ബൈപ്പാസ് വേണം
പള്ളിക്കരയിൽ ബസ് സ്റ്റാൻഡിന് നടപടിയായില്ല
ബസ് കാത്തിരിപ്പ് കേന്ദ്രവുമില്ല