കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ തണൽ ഭവന പദ്ധതിയിലെ 33 ാംമത്തെ വീടിന് ചേരാനല്ലൂരിൽ തറക്കല്ലിട്ടു. പ്രളയാനന്തരം ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിനെ പുനർനിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ചേരാം ചേരാനെല്ലൂരിനൊപ്പം എന്ന കാമ്പയിന്റെ ഭാഗമായിട്ടാണ് തണൽ ഭവന പദ്ധതി ആരംഭിച്ചത്. പഞ്ചായത്തിൽ 15 ാം വാർഡിൽ അമ്പലക്കടവിൽ നികത്തിൽ അശോകന്റെ ഭവനമാണ് നിർമ്മിച്ചു നൽകുന്നത്. മുത്തൂറ്റ് എം.ജോർജ് ഗ്രൂപ്പാണ് വീടിന്റെ സ്‌പോൺസർ. തണൽ ഭവന പദ്ധതിയുടെ ഭാഗമായി ഇതിനകം 18 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് കൈമാറിയെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജർ കെ.എസ്.സിമി, ഇടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് സോണി ചീക്കു, വൈസ് പ്രസിഡന്റ് സി.കെ രാജു, മെമ്പർ കെ.ടി. സംഗീത തുടങ്ങിയവർ പങ്കെടുത്തു.