കൊച്ചി: പാലാരിവട്ടം ഫ്ളൈഓവറിന്റെ തകർച്ചയ്ക്ക് ഇടയാക്കിയ അഴിമതിക്ക് ഉത്തരവാദിയായ യു.ഡി.എഫ് സർക്കാരിലെ പൊതുമരാമത്തു മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ സ്ഥാനം രാജിവെക്കുക, മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാരിവട്ടം ഫ്ളൈ ഓവറിലേക്ക് പ്രതിഷേധ മാർച്ച് നടത്തി റീത്ത് സമർപ്പിച്ചു. ജില്ലാ സെക്രട്ടറി എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മല്ലിക സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. പ്രകടനത്തിന് സീനാ ബോസ്, സജനി തമ്പി, മരിയ ഗൊരോത്തി, കൗൺസിലർ ടി.എസ് ജിമിനി, ലതിക രാജു, പി.എ ചന്ദ്രിക തുടങ്ങിയവർ നേതൃത്വം നൽകി. എൽ.ഡി.എഫ് നടത്തുന്ന സത്യാഗ്രഹ സമരത്തിലും പ്രവർത്തകർ പങ്കെടുത്തു.