കൊച്ചി: മലയാള സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെങ്കിലും മലയാളം പഠിച്ച ശേഷമേ അഭിനയിക്കുകയുള്ളൂവെന്ന് തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ട. ജൂലായ് 24ന് റിലീസ് ചെയ്യുന്ന 'ഡിയർ കോമ്രേഡി'ന്റെ പ്രചാരണാർഥം കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.

ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയും വിജയ് ദേവര കൊണ്ടയ്‌ക്കൊപ്പം എത്തിയിരുന്നു. മലയാളം സിനിമയിൽ അഭിനയിക്കാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് നടി രശ്മിക മന്ദാന പറഞ്ഞു.
ഒരാളുടെ ചീത്ത കാലത്തും നല്ല കാലത്തും കൂടെയുണ്ടാകുന്ന, പരാജയത്തിലും വിജയത്തിലും ഒപ്പം നിൽക്കുന്ന, ഒരുമിച്ച് നിന്ന് പോരാടുന്ന സുഹൃത്താണ് കോമ്രേഡ്. തന്റെ പുതിയ ചിത്രമായ ഡിയർ കോമ്രേഡ് പറയുന്നത് അത്തരമൊരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്വദേശം അതിർത്തി ഗ്രാമമായ കൂർഗിലാണെന്നും അതിനാൽ തന്നെ മലയാളികളായ നിരവധി അയൽക്കാർ തനിക്കുണ്ടെന്നും രശ്മിക മന്ദാന പറഞ്ഞു.

കെ.ജി.എഫിനു ശേഷം നാല് തെന്നിന്ത്യൻ ഭാഷകളിൽ ഒരുമിച്ചെത്തുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. റിലീസിന് മുന്നോടിയായി ഡിയർ കോമ്രേഡ് മ്യൂസിക് ഫെസ്റ്റിവൽ കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ശനിയാഴ്ച നടന്നു.