niyas
നിയാസ്

കൊച്ചി: എറണാകുളം സൗത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന്റെ മൊബൈൽ ഫോണും 3000 രൂപയും കവർന്ന കേസിൽ മട്ടാഞ്ചേരി മഹാ ജനവാടി പറമ്പിൽ നിയാസ് നിഷാദ് ( 21), ഫോർട്ട്‌ കൊച്ചി, കൂന്തിമാർക്കറ്റ് റോഡിൽ അമ്പലത്ത് വീട്ടിൽ നൗഷർബാൻ എന്നചിക്കു (18) എന്നിവരെ സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസം പൊലീസ് പട്രോളിംഗിനിടെ ഹൈക്കോടതി ജംഗ്ഷനിൽ നിന്നാണ് മോഷ്ടിച്ച ഫോൺ സഹിതം നിയാസിനെ പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് എറണാകുളം ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിൽ വച്ച് മൂന്ന് അംഗ സംഘം യുവാവിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കടന്നത്. ബൈക്കിൽ പിന്തുടർന്ന യുവാവ് ഡി.എച്ച് ഗ്രൗണ്ടിനടുത്തുവച്ച് കവർച്ച സംഘത്തെ കണ്ടെത്തി. ഇവിടെ വെച്ച് 3000 രൂപ അടങ്ങിയ യുവാവിന്റെ പഴ്സും മൂന്നംഗ സംഘം കവർന്നു.
നിയാസിനെ ചോദ്യം ചെയ്‌തോടെയാണ് മറ്റു പ്രതികളെപ്പറ്റി വിവരം ലഭിച്ചതും ചിക്കു പിടിയിലായതും. മൂന്നാമനായി അന്വേഷണം തുടരുന്നു. എറണാകുളം അസി.കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ. എസ്. ഐമാരായ വിബിൻദാസ്, സുനുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.