പൊളിക്കൽ കളക്ടറെ ഏല്പിക്കണമെന്ന് നഗരസഭ
കൊച്ചി : സുപ്രീംകോടതി ഉത്തരവു പ്രകാരം മരടിലെ അഞ്ചു ഫ്ളാറ്റുകൾ പൊളിക്കാൻ നാട്ടകം റെയിൽവെ പാലം നീക്കാൻ സ്വീകരിച്ച പരിമിത സ്ഫോടനരീതി അവലംബിക്കാൻ ആലോചന. ചെന്നൈ ഐ.ഐ.ടിയുടെ വിദഗ്ദ്ധസംഘത്തിന്റെ ശുപാർശ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. പൊളിക്കൽ ചുമതല ജില്ലാ കളക്ടറെ ഏല്പിക്കണമെന്നും നഗരസഭ ആവശ്യപ്പെടും.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ചതിനാണ് ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. പുന:പരിശോധനാ ഹർജിയും തള്ളിയതോടെ ഉത്തരവ് നടപ്പാക്കാൻ വഴിതേടുകയാണ് നഗരസഭ. പൊളിക്കൽ നടപടികൾ വൈകുമെന്നാണ് സൂചനകൾ.
ശക്തി കുറഞ്ഞ സ്ഫോടനം നടത്തി ഫ്ളാറ്റുകൾ പൊളിക്കാൻ കഴിയുമെന്ന നിർദ്ദേശം പരിഗണിക്കുന്നുണ്ട്. ഫ്ളാറ്റുകൾക്ക് സമീപത്തെ മറ്റു കെട്ടിടങ്ങൾ, വീടുകൾ എന്നിവയെ സ്ഫോടനം ബാധിക്കുമോയെന്ന് പഠിച്ചശേഷം സാദ്ധ്യത വിലയിരുത്തും. വേഗത്തിൽ പൊളിക്കാനും ചെലവ് കുറയ്ക്കാനും പരിമിത സ്ഫോടനം എന്ന രീതിയ്ക്ക് കഴിയും.
ഫ്ളാറ്റുകൾ പൊളിക്കാൻ 30 കോടിയിലേറെ രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. നഗരസഭയ്ക്ക് അഞ്ചു വർഷം കൊണ്ട് ലഭിക്കുന്ന വരുമാനമാണ് ഇത്രയും തുക. സ്വന്തം ഫണ്ടിൽ നിന്ന് ചെലവഴിച്ചാൽ വികസന പ്രവർത്തനങ്ങൾ മരവിക്കുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞു.
അഞ്ചു ഫ്ളാറ്റുകൾ ഒരുമിച്ച് പൊളിക്കേണ്ടിവരുന്നത് രാജ്യത്തുതന്നെ ആദ്യമാണ്. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീനെ കണ്ട് നഗരസഭ അദ്ധ്യക്ഷ ടി.എച്ച്. നദീറ നിവേദനം നൽകിയിരുന്നു. സുപ്രീംകോടതി ഉത്തരവിൽ നഗരസഭയാണ് പൊളിക്കേണ്ടതെന്ന് വ്യക്തമായി നിർദ്ദേശിച്ചിട്ടില്ല. ജില്ലാ കളക്ടർക്ക് ചുമതല നൽകണമെന്നാണ് നഗരസഭ ആവശ്യപ്പെടുന്നത്.
# ഐ.ഐ.ടി വഴി കാട്ടും
ചെന്നൈ ഐ.ഐ.ടി സംഘം ഫ്ളാറ്റുകൾ പരിശോധിച്ചിരുന്നു. എങ്ങനെ പൊളിക്കാമെന്ന് റിപ്പോർട്ട് നൽകിയിട്ടില്ല. അവരുടെ ശുപാർശ നഗരസഭ സർക്കാരിന് കൈമാറും. ഐ.ഐ.ടിയുടെ ശുപാർശയും സ്വീകരിച്ചേ പൊളിക്കുന്നത് തീരുമാനിക്കൂവെന്ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീൻ അറിയിച്ചിരുന്നു.
പ്രധാന കടമ്പകൾ
# പൊളിക്കേണ്ടത് 13 മുതൽ 16 നില വരെയുള്ള ഫ്ളാറ്റുകൾ.
# ഫ്ളാറ്റുകളിലെ അഞ്ഞൂറോളം കുടുംബങ്ങളെ ഒഴിപ്പിക്കണം.
# ഒഴിപ്പിക്കലിന്റെ പേരിലുണ്ടാകാവുന്ന ക്രമസമാധാന പ്രശ്നം.
# പരിസ്ഥിതിക്ക് ദോഷകരമാകാത്ത വിധത്തിൽ പൊളിക്കണം.
# കെട്ടിടാവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ സ്ഥലം കണ്ടെത്തണം.
# സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും അപകടമാകരുത്.
# മലിനീകരണമില്ലാതെ പൊളിക്കാൻ സാങ്കേതികവിദ്യ വേണം.
# വിദഗ്ദ്ധരുടെ മേൽനോട്ടവും നിരീക്ഷണവും ഒരുക്കണം.
ബലിയാടാക്കരുതെന്ന് ഉടമകൾ
സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയമം കൊണ്ടുവരണം. നിർമ്മാതാക്കൾ നിയമം ലംഘിച്ചതിന് ഫ്ളാറ്റ് വാങ്ങി നികുതി വർഷങ്ങളായി അടയ്ക്കുന്ന ഞങ്ങളെ ബലിയാടാക്കരുത്.
ഫ്രാൻസിസ് ജേക്കബ്,
സെക്രട്ടറി,
ഫ്ളാറ്റുടമകളുടെ സംഘടന