k-t-jaleel
k t jaleel

നെടുമ്പാശേരി: കാമ്പസുകളിൽ അക്രമം തടയുന്നതിനായി ബിൽ കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം എങ്ങനെയാകണമെന്നത് സംബന്ധിച്ചാകും ബിൽ. നെടുമ്പാശേരിയിൽ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കമ്മിറ്റി ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവ നടപ്പാക്കും.

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായും കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനും കാമ്പസുകളെ കൂടുതൽ ജനാധിപത്യവത്ക്കരിക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച കലാലയമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. അവിടെ നടന്ന സംഭവവികാസങ്ങൾ ദൗർഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങൾക്ക് ആരാണ് ഉത്തരവാദികളെന്ന് നിക്ഷ്പക്ഷമായി പരിശോധിക്കും. അക്രമം നടത്തിയവരോട് യാതൊരുവിധ ദാക്ഷിണ്യവും സർക്കാർ കാണിക്കില്ല. അക്രമ സംഭവവുമുണ്ടായപ്പോൾ പ്രിൻസിപ്പലും അധ്യാപകരും വേണ്ടവിധത്തിലുളള ഇടപെടലുകൾ നടത്തിയില്ലേയെന്നതും പ്രത്യേകമായി തന്നെ
പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.