കൊച്ചി: കൊച്ചി മെട്രോ വരുന്നതോടെ നഗരത്തിലെ കുരുക്കഴിയുമെന്നായിരുന്നു നഗരവാസികളുടെ പ്രതീക്ഷ. എന്നാൽ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയുള്ള ഗതാഗതം നാട്ടുകാരെ വട്ടംചുറ്റിക്കുന്ന കാഴ്ചയാണ് നഗരഹൃദയത്തിൽ. നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ വന്നുപോയാൽ ലിസിജംഗ്ഷൻ കടന്നുകിട്ടാൻ.ചില്ലറയല്ല പാട്.തോന്നിയിടത്ത് നിറുത്തുന്ന ബസുകളും കാൽനടയാത്രക്കാരെ വക വയ്ക്കാതെ ഓടുന്ന സ്വകാര്യവാഹനങ്ങളും പൊട്ടിപ്പൊളിഞ്ഞ റോഡുകളുംപ്രതിസ്ഥാനത്ത്.
റിസർവ് ബാങ്കിന് മുന്നിലാണ് ലിസിജംഗ്ഷനിലെ അംഗീകൃത ബസ് സ്റ്റോപ്പ്. എന്നാൽ, പാലം കയറിയിറങ്ങുന്നിടത്തെ മെട്രോതൂണാണ് സ്വകാര്യബസുകാർ സൗകര്യപൂർവ്വം കാണുന്ന തങ്ങളുടെ സ്റ്റോപ്പ്. അവിടെ നിറുത്തിയാൽ സിഗ്നൽ തെളിഞ്ഞാലുടൻ മുന്നോട്ടുകുതിക്കാം. അങ്ങനെ സമയനേട്ടം കൈവരിക്കുകയാണ് ലക്ഷ്യം. അതോടെ വെട്ടിലാകുന്നത് സ്റ്റോപ്പിൽ കാത്തുനിൽക്കുന്ന സാധാരണക്കാരാണ്. ഒന്ന് കയറിപ്പറ്റാൻ ബസിന് പിറകെ ഓടേണ്ടി വരും. ബസ് സ്റ്റോപ്പിൽ അല്ലാതെ ബസ് നിറുത്തുന്നതിനാൽ തൊട്ടുപിന്നിലെ വാഹനങ്ങൾ കാത്തുകെട്ടി കിടക്കും.പിന്നെകുരുക്കോട് കുരുക്ക് .
ലിസി ആശുപത്രിയിലേക്കും റെയിൽവേ സ്റ്റേഷനിലേക്കുമെല്ലാം നടന്നുപോകേണ്ടവരാണ് ബുദ്ധിമുട്ടിലാകുന്ന മറ്റൊരു കൂട്ടർ. ക്രമം തെറ്റിപ്പായുന്ന വാഹനങ്ങൾക്കിടയിൽ റോഡ് മുറിച്ച് കടക്കാൻ രോഗികളും യാത്രക്കാരും കഷ്ടപ്പെടുകയാണ്. സഹായിക്കാൻ ട്രാഫിക് വാർഡനോ സീബ്രാലൈനോ ഇവിടെയില്ല.
പ്രദേശത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ് മറ്റൊരു പ്രശ്നം. നഗരസഭയുടെ കീഴിലുള്ള ശാസ്താടെമ്പിൾ റോഡും സിഗ്നലിൽ നിന്ന് മണപ്പാട്ടിപ്പറമ്പിലേക്കുള്ള ജി.സി.ഡി.എയുടെ കീഴിലുള്ള ജൂബിലി റോഡും പൈപ്പിടാനായി വാട്ടർ അതോറിട്ടി കുത്തിപ്പൊളിച്ചിട്ട് ആറുമാസത്തോളമായി. നഗരസഭയുടെ തന്നെ കീഴിലുള്ള പീടിയേക്കൽ റോഡും സ്വകാര്യഫ്ളാറ്റ് പണിയുടെ ഭാഗമായി ഇടിഞ്ഞുപൊളിഞ്ഞു. റോഡുകൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ റസിഡൻസ് അസോസിയേഷനുകൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല
ആവശ്യങ്ങൾ
റോഡ് ക്രോസ് ചെയ്യാൻ സീബ്രാലൈൻ
റിസർവ് ബാങ്കിന്റെ മുന്നിലുള്ള അംഗീകൃത ബസ് സ്റ്റോപ്പിൽമാത്രമേ ബസ് നിറുത്താവൂ
ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിനെയോ വാർഡനെയോ നിയോഗിക്കണം
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം
"സമഗ്രമായ ഗതാഗത പരിഷ്കരണം നടപ്പിലാക്കണം. സ്വകാര്യബസുകൾ യഥാർത്ഥ സ്റ്റോപ്പുകളിൽ മാത്രമേ നിറുത്തുന്നുള്ളൂ എന്ന് ട്രാഫിക് പൊലീസ് ഉറപ്പ് വരുത്തണം."
പ്രൊഫ. വി.യു നൂറുദ്ദീൻ
പ്രസിഡന്റ്
എസ്.ആർ.എം റോഡ്റസിഡൻസ് അസോ. ഐക്യവേദി