ഇടപ്പള്ളി: ദേശീയപാത 66ൽ ഇടപ്പള്ളി മുതൽ കോഴിക്കോട് രാമനാട്ടുകര വരെ നാലുവരി പാതയാക്കുന്നതിന്റെ സ്ഥലനിർണയം എറണാകുളം ജില്ലയിൽ അന്തമില്ലാതെ നീളുന്നു.
തിരൂർ ,പൊന്നാനി ഉൾപ്പെട്ട മലപ്പുറം ജില്ലയിലും ചാവക്കാട് മുതൽ കൊടുങ്ങല്ലൂർ വരെ ഉൾപ്പെട്ട തൃശൂർ ജില്ലയിലും സ്ഥലനിർണയം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.
അതിർത്തി കല്ലുകളും സ്ഥാപിച്ചു. ഈ സ്ഥലങ്ങൾ
സാങ്കേതികമായി ദേശീയ പാത അതോറിറ്റിയുടെ പക്കലായിക്കഴിഞ്ഞു. ഉടമകൾക്ക് നഷ്ടപരിഹാരം
നൽകുന്ന നടപടികളാണ് ബാക്കി. ഇതും ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുന്ന രീതിയിലാണ് പുരോഗമിക്കുന്നത്.
മൂത്തകുന്നം മുതൽ ഇടപ്പളി വരെയുള്ള ഇരുപത്തിമൂന്നു
കിലോമീറ്റർ ദൂരത്താണ് സ്ഥലം അളന്നു തിട്ടപ്പെടുത്തേണ്ടത് . തുടർന്ന് വില നിർണയിക്കണം. കൂനമ്മാവ് മുതൽ അതിർത്തി
നിർണയം തുടങ്ങിവച്ചെങ്കിലും തർക്കങ്ങളിൽ പെട്ടു മുടങ്ങി.
ഒരു മാസത്തിനുള്ളിൽ വീണ്ടും നടപടികൾ തുടങ്ങുമെന്നാണ് അധികൃതർ നൽകുന്ന സൂചന. എന്നാലും ചുരുങ്ങിയത് ഒരു വർഷം വേണം ഇത് പൂർത്തിയാകാൻ.
ഇടപ്പള്ളിക്കും മൂത്തകുന്നത്തിനും മദ്ധ്യേ നാലു പ്രധാന പാലങ്ങൾ പുതുതായി വരുന്നുണ്ട്. ഇടപ്പളിയിൽ റെയിൽവേ പാലവും. തിരക്കേറിയ ഇടപ്പളി ജംഗ്ഷനിലാകട്ടെ അടിപ്പാത നിർമ്മിച്ച് ദേശീയ പാത 544 ബൈപ്പാസുമായി കൂട്ടിച്ചേർക്കാനും ആലോചനയുണ്ട്.
ഇടപ്പള്ളി രാമനാട്ടുകര ദൂരം : 208 കിലോമീറ്റർ
റോഡിന്റെ വീതി 45 മീറ്ററായി വികസിപ്പിച്ച്
നാലുവരിയാക്കാനുള്ള പദ്ധതിക്ക് 2009ലാണ് തുടക്കമിട്ടത് . സ്ഥലമെടുപ്പിലെ പ്രതിഷേധങ്ങളും തർക്കങ്ങളുമാണ് വിഘാതം.
എറണാകുളത്തെ കീറാമുട്ടികൾ
15 വർഷം മുമ്പ് റോഡിന്റെ വീതി മുപ്പതു മീറ്ററാക്കാൻ സ്ഥലമെടുത്തു. കുടിയൊഴിക്കപ്പെട്ടവർക്കു ന്യായമായ ഭൂമി വില ലഭിച്ചില്ല.
45 മീറ്റർ നാലുവരിപ്പാതയ്ക്കും പാരയാകുന്നത് ഈ പ്രശ്നമാണ്. മുമ്പ് സ്ഥലവും വീട് നൽകിയവരിൽ പലരും ബാക്കി കിടന്ന സ്ഥലത്ത് വീട് വച്ചു. വീണ്ടും കുടിയൊഴിപ്പിക്കപ്പെടുന്ന ഇവരുടെ സങ്കടങ്ങൾക്ക് വേണ്ട പരിഗണനയും കിട്ടുന്നില്ല.
ഇടപ്പള്ളി പ്രദേശത്ത് സെന്റിന് 45 ലക്ഷമാണ് സർക്കാർ നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. ഇത് മറ്റുള്ള ഭാഗങ്ങളിലും വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
അശാസ്ത്രീയമായ നടപടികളാണ് തടസം - എം .പി
നാലുവരി പാതയോട് ആർക്കും എതിർപ്പില്ല.
സങ്കീർണമായ സ്ഥലമെടുപ്പ് നടപടികളാണ് ഇപ്പോൾ പ്രധാന പ്രശ്നം. ചേരാനല്ലൂർ കണ്ടയിനർ കവല ഭാഗത്തു 32 സ്ഥലം ഏറ്റെടുക്കേണ്ട കാര്യമില്ല. നിരവധി പേരെ ഇത് വഴിയാധാരമാക്കും. സ്ഥലം നഷ്ടപ്പെടുന്നവർക്ക് ന്യായമായ വിലയും നൽകണം.
ഹൈബി ഈഡൻ, എം .പി