കൊച്ചി : നെട്ടൂരിൽ നിന്ന് എസ് .എൻ കവലമുതൽ തേവര കടത്തുകടവ് വരെ യാത്ര സർക്കസ് അഭ്യാസത്തിന് തുല്യം. നെട്ടൂർ ഐഎൻടിയുസി റോഡിൽ എസ്.എൻ ജംഗ്ഷൻ - റെയിൽവേ - ഫെറി റോഡിന്റെ.അറ്റകുറ്റപ്പണി നീളുന്നു.
കൊച്ചി ബൈപാസിൽ ഐഎൻടിയുസി ജംഗ്ഷനിൽ തുടങ്ങി നെട്ടൂർ – തേവര കടത്തു കടവിൽ അവസാനിക്കുന്ന മൂന്നര കിലോ മീറ്റർ റോഡ് നാലു ഡിവിഷനുകളിലൂടെ കടന്നു പോകുന്നു. ഇതിൽ ഐഎൻടിയുസി ജംഗ്ഷൻ മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ഒരു കിലോമീറ്റർ ഭാഗം എം.പി.യായിരുന്ന കെ.വി.തോമസിന്റെ ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് കഴിഞ്ഞ ഡിസംബറിൽ പൂർത്തിയാക്കി
എസ്എൻ ജംഗ്ഷൻ മുതൽ ഫെറിവരെയുള്ള രണ്ടര കിലോമീറ്ററോളം ഭാഗം തകർന്നിട്ട് വർഷങ്ങളായി .ഫെറിയിൽ നിന്ന് ഇടത്തേക്കും വലത്തേക്കും തിരിയുന്ന റോഡുകളുടെഅവസ്ഥയും പറയാതിരിക്കുകയാണ് ഭേദം.. പൈപ്പ് പൊട്ടിയതു നന്നാക്കുവാൻ വെട്ടിപ്പൊളിച്ചതു കൂടാതെ ടാറിളകിയും റോഡിന്റെ നില പരിതാപകരമായി . വലിയകുഴികൾ ഉള്ളിടത്ത് സൈക്കിൾയാത്രക്കാർ ഇറങ്ങി തള്ളിയാണ് പോകുന്നത് .കുഴിയിൽ വീണ് അപകടം പതിവായി. നെട്ടൂരിൽ ഏറ്റവും തിരക്കുള്ള റോഡാണിത്. ഒട്ടേറെ കച്ചവട സ്ഥാപനങ്ങൾ, ദേവാലയങ്ങൾ, സ്കൂൾ, ഗോഡൗണുകൾ എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. അയ്യായിരത്തോളം വിദ്യാർത്ഥികളും നാട്ടുകാരും നിത്യേന യാത്ര ചെയ്യുന്നു.തീരെ വീതിയില്ലാത്ത റോഡിന്റെഅരികിൽ വാഹനം നിറുത്തിയിടുന്നത് പലപ്പോഴും ഗതാഗത കുരുക്കിനും തർക്കങ്ങൾക്കും. കാരണമാകുന്നു.
ദാ ഇപ്പോ നന്നാക്കിത്തരാം
ഒട്ടേറെ സമരങ്ങൾ നടന്നു. റോഡ് തടയൽ, കുഴികളിൽ വാഴ നടീൽ , പ്രതിഷേധ മാർച്ച് അങ്ങനെയങ്ങനെ . പക്ഷേ അധികാരികൾക്കുണ്ടോ മനംമാറ്റം. ദാ ഇപ്പോ നന്നാക്കിത്തരാം എന്ന് പറഞ്ഞ് നാട്ടുകാരെ ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പറ്റിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു..
എസ്.എൻ.ജംഗ്ഷൻ മുതൽ ഫെറിവരെയുള്ളഭാഗം മഴക്കാലം മാറിയാൽ റീടാർ ചെയത് ഗതാഗതയോഗ്യമാക്കും. 18 ലക്ഷംരൂപ ഡിവിഷൻ ഫണ്ടായി നഗരസഭ അനുവദിക്കും. എം.സ്വരാജ് എം.എൽ.എയുടെ ഫണ്ടിൽനിന്ന് തുക അനുവദിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. കൂടാതെ പൊതുമരാമത്ത് വകുപ്പും ഫണ്ട് അനുവദിക്കും
ടി.എച്ച്.നദീറ, ചെയർപേഴ്സൻ , മരട് നഗരസഭ