 എറണാകുളം ജനറൽ ആശുപത്രിക്ക് അഭിമാനനേട്ടം

കൊച്ചി: ആറാം മാസം പ്രസവം. കുഞ്ഞിന്റെ തൂക്കം 600 ഗ്രാം. സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാൻ പണമില്ലാതെ വന്ന ദമ്പതികൾ എറണാകുളം ജനറൽ ആശുപത്രിയിൽ അഭയം തേടി. കുഞ്ഞിനെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു ഡോക്‌ടർമാർ.

ഉദയംപേരൂർ സ്വദേശികളായ ദമ്പതികളുടെപെൺകുഞ്ഞിനെ രക്ഷിച്ചത് എറണാകുളം ജനറൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ. എം.എസ്. നൗഷാദുംസംഘവുമാണ്. ഗർഭകാലം 25 ആഴ്ചയെത്തിയപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് ഭാരം 600 ഗ്രാം. കുഞ്ഞിന്റെ തൂക്കം 460 ഗ്രാമായി കുറഞ്ഞിരുന്നു. പൂർണ വളർച്ചയെത്താത്ത അവയവങ്ങൾ, ഉയർന്ന അണുബാധ സാദ്ധ്യത, ശ്വാസതടസം, മുലപ്പാൽ നൽകുന്നതിലെ ബുദ്ധിമുട്ട് തുടങ്ങി നിരവധി പ്രശ്നങ്ങൾഡോക്‌ടറും സംഘവും നേരിട്ടു. നിയോനേറ്റൽ ഐ.സി .യു വിലെ സൂക്ഷ്മമായ പരിചരണവും, അണുബാധയേൽക്കാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയും ആരോഗ്യം മെച്ചപ്പെടുത്തി.അമ്മയിൽ നിന്നും ശേഖരിച്ച മുലപ്പാലും, ഐ.വി ഫ്‌ളൂയിഡുകളും കുഞ്ഞിന് നൽകി.നാല് ആഴ്ചക്ക് ശേഷം തൂക്കം 750 ഗ്രാമായി.. പിന്നീട് കുഞ്ഞിനെ അമ്മയുടെ നെഞ്ചോട് ചേർക്കുന്ന കംഗാരു മദർ കെയറും തുടങ്ങി. ഇതിനിടെ കണ്ണ് പരിശോധനയിൽ കാഴ്ച മങ്ങുന്ന റെറ്റിനോപ്പതി ഒഫ് പ്രീമെച്യൂരിറ്റി (ആർ.ഒ.പി) എന്ന അസുഖം കണ്ടെത്തി. ഒപ്താൽമോളജിസ്റ്റ് ഡോ. ഷർമിളയുടെ നേതൃത്വത്തിലുള്ള സംഘം ലേസർ ചികിത്സയിലൂടെ ഇത് സുഖപ്പെടുത്തി. 36 ആഴ്ച പിന്നിട്ട കുഞ്ഞിന്റെ ഇപ്പോഴത്തെ തൂക്കം 1.2 കി.ഗ്രാം.
ഇതിനിടെ കുഞ്ഞിന്റെ ചികിത്സയും നിരന്തരമായ ഉറക്കിമിളപ്പും, മാനസിക സംഘർഷവും പിതാവിന്റെഹൃദയാഘാതത്തിന് കാരണമായി. പിതാവിന്റെ ചികിത്സയും ജനറൽ ആശുപത്രിയിൽ നടത്തി. ഏതാനും ദിവസത്തിനകം കുഞ്ഞിന്റെ ഭാരം 1.5 കി.ഗ്രാം എത്തുമെന്നും തുടർന്ന് ആശുപത്രി വിടാനാകുമെന്നും ഡോ. നൗഷാദ് അറിയിച്ചു. കുഞ്ഞിന് പുതുജീവൻ നൽകാൻ സാധിച്ച ആത്മസംതൃപ്തിയിൽ ഹജ്ജ് കർമ്മത്തിനായി പുറപ്പെട്ടു ഡോ. നൗഷാദ്.