shop
എന്റെ വീട് കൂട്ടായ്മ നിർമ്മിച്ച് നൽകിയ പലചരക്ക് കട

കോതമംഗലം: കണ്ടുപഠിക്കേണ്ടതും ഏവരും മാതൃകയാക്കേണ്ടതുമാണ് എന്റെ വീട് ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രവർത്തനം. ഇവരുടെ കൈത്താങ്ങിൽ ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് ഒരു കുടുംബം.

കോതമംഗലത്തുള്ള ഒരു വസ്ത്രവ്യാപാര ശാലയിലെ ജീവനക്കാരനാണ് പിണ്ടിമന തൊമ്മൻചേരിൽ തങ്കച്ചൻ. ഭാര്യയും വി​ദ്യാർത്ഥി​നി​യായ മകളുമടങ്ങുന്നതാണ് കുടുംബം. ഭാര്യയ്ക്ക് വൃക്കരോഗം ബാധി​ച്ചതോടെ ജീവി​തം കരി​നി​ഴലി​ലായി​. ആഴ്ചയി​ൽ മൂന്ന് ഡയാലി​സി​സ് നടത്തണം. സുമനസുകളുടെ സഹായത്താലാണ് ചി​കി​ത്സ. ഈ കുടുംബത്തി​ന്റെ ദയനീയാവസ്ഥ അറി​ഞ്ഞതോടെ ഇവർക്ക് ജീവിതമാർഗം ഒരുക്കാൻ എന്റെ വീട് ഫേസ്ബുക്ക് കൂട്ടായ്മ രംഗത്തെത്തുകയായി​രുന്നു. ഈ കൂട്ടായ്മയി​ൽ തങ്കച്ചന്റെ കുടുംബത്തി​ന് ജീവി​തമാർഗമായി​ വീട്ടുമുറ്റത്ത് നമ്മുടെ കടയെന്ന പേരിൽ പലചരക്ക് കടയാണ് നി​ർമ്മി​ച്ചു നൽകി​യത്.

കടമുറിയുടെ നിർമ്മാണം പൂർത്തീകരിച്ച് കടയി​ലേക്ക് ആവശ്യമായ പലചരക്ക്, പച്ചക്കറി, സ്റ്റേഷനറി സാധനങ്ങളെല്ലാമെത്തിച്ചു. സംഘടനയുടെ നെടുംതൂണായി പ്രവർത്തിക്കുന്ന റിട്ട. സബ് ഇൻസ്‌പെക്ടർ രേഖ വെള്ളത്തൂവൽ കടയുടെ ഉദ്ഘാടനം നിർവഹിച്ചു. കൂട്ടായ്മയുടെ മുഖ്യ സംഘാടകരായ അനീഷ് പോളശേരി, സബ്‌ ഇൻസ്പെക്ടർ പി.എം. അബ്ദുൾ റസാക്ക്, ഡോ. അനിതാ തിലകൻ, പിണ്ടിമന ഗ്രാമ പഞ്ചായത്ത് മെമ്പർ നോബിൾ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

എന്റെ വീട് ഫേസ്ബുക്ക് കൂട്ടായ്മ കേരളത്തിലും കേരളത്തിന് വെളിയിലുമായി വ്യാപിച്ച് കിടക്കുന്ന വലിയൊരു കൂട്ടായ്മയാണ്. ദുരിതബാധിതർക്ക് കൈത്താങ്ങാവുന്ന പ്രവർത്തനങ്ങളാണ് ഇവർ ഏറ്റെടുക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട കൈനകരി സ്വദേശിക്ക് കൂട്ടായ്മ വീട് നിർമ്മിച്ചു നൽകിയിട്ടുണ്ട്. നിരവധി പേർക്ക് ചികിത്സാസഹായങ്ങളും നൽകിവരുന്നു.