ആലുവ: തോട്ടയ്ക്കാട്ടുകര ജി.സി.ഡി.എ റോഡിൽ വീടു കുത്തിത്തുറന്ന് 30 ലക്ഷം രൂപയുടെ കവർച്ച നടത്തിയ കേസിൽ പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. സലഫി സെന്ററിന് എതിർവശം പൂണേലി ജോർജ്ജ് മാത്യുവിന്റെ വീട്ടിലാണ് വെള്ളിയാഴ്ച്ച വൈകിട്ട് കവർച്ച നടന്നത്. കോടിയിലേറെ രൂപ ചെലവഴിച്ച് നിർമ്മിച്ച ആഢംബര വീടാണെങ്കിലും ആവശ്യമായ കാമറകൾ ഇല്ല. മോഷണത്തിന്റെ സ്വഭാവം അനുസരിച്ച് പ്രൊഫഷണൽ സംഘമാണെന്ന് സംശയിക്കാമെങ്കിലും വീട്ടുകാർസ്ഥലത്തില്ലെന്നതും ലോക്കറിൽ സ്വർണമുണ്ടെന്ന് മനസിലാക്കിയതിന് പിന്നിലും പ്രാദേശികമായ ആരുടെയെങ്കിലും സഹായമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇന്നലെ നിരവധി പ്രാദേശിക - പ്രൊഫഷണൽ മോഷ്ടാക്കാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു. മാത്രമല്ല, കവർച്ച നടന്ന സമയത്ത് ഇവരുടെയെല്ലാം മൊബൈൽ ഏത് ടവറിന് കീഴിലാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മോഷണംനടന്ന മാത്യുവിന്റെ വീടുമായി ബന്ധമുള്ളവരുടെ വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്.

വീടിന്റെ താഴെ നിലയിലെ കിടപ്പുമുറിയിലുള്ള ഡിജിറ്റൽ ലോക്കറിൽ നിന്നാണ് 20 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ, 65,000 രൂപ, 2000 യു.എസ്ഡോളർ, 800 പൗണ്ട്, 40 പവൻ സ്വർണം തുടങ്ങിയവയാണ് കവർന്നത്. ജോർജ്ജും കുടുംബവും വാഴക്കാലയിലെ ബന്ധുവീട്ടിൽ പോയി രാത്രി 11.30 ഓടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്. വീടിന്റെ ഒരുവശം ഒഴിഞ്ഞുകിടക്കുന്ന പറമ്പും പിൻവശം പെരിയാറുമാണ്. ഒഴിഞ്ഞ പറമ്പിലൂടെ വീടിന്റെ പിന്നിലെത്തി മോഷ്ടാക്കൾ മതിൽ ചാടി കടക്കുകയായിരുന്നുവെന്ന് കരുതുന്നു. ആലുവ എസ്.എച്ച്.ഒ സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സമീപകാലത്ത് നടന്ന മോഷണക്കേസുകളിൽ പ്രതികളെ പിടികൂടാൻ കഴിയാതിരുന്നത് പൊലീസിന് നാണക്കേടായിരിക്കുകയാണ്.

#സി.സി ടി.വി ദൃശ്യം പരിശോധിച്ചിട്ടും സൂചനയില്ല !

റിമോട്ട് ഉപയോഗിച്ച് തുറക്കുന്ന പുറത്തെ ഗേറ്റിന് സമീപം ബെല്ലിനോട് ചേർന്ന് മാത്രമാണ് കാമറയുള്ളത്. അതിനാൽ സമീപം സ്വകാര്യ വ്യക്തികളും റെസിഡന്റ്സ് അസോസിയേഷനും സ്ഥാപിച്ച നാല് കാമറകളെയാണ് പൊലീസ് അന്വേഷണത്തിനായി ആശ്രയിച്ചത്.

സമീപകാലത്ത് നടന്ന മുഴുവൻ കവർച്ച കേസുകളെയും പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണം.ദേശീയപാതയിൽ പുളിഞ്ചോട്ടിലെ വീട് കുത്തി തുറന്ന് ഒരു കോടിയോളം രൂപയുടെ കവർച്ച നടത്തിയ കേസും അടുത്തിടെ തോട്ടുമുഖം മഹിളാലയം കവലിൽ വീട് കുത്തി തുറന്ന് സമാനമായ കവർച്ച നടത്തിയ കേസിലും പ്രതികളെ ഇപ്പോഴും പിടികൂടാനായിട്ടില്ല. ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ഈ സാഹചര്യത്തിൽ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് കൂടുതൽ ജാഗ്രത കാണിക്കണം.

അൻവർ സാദത്ത് എം.എൽ.എ