കൊച്ചി: വീട് നിർമ്മാണത്തിനെത്തിയ യുവാവ് ലൈംഗികമായി പീഡിപ്പിച്ച‌് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന വീട്ടമ്മയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.എളമക്കര പൊലീസിൽ നൽകിയ പരാതിയിൽ ഇക്കഴിഞ്ഞ ഏഴിനാണ‌് കേസെടുത്തത‌്. രണ്ടുവർഷംമുമ്പ‌് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന‌് ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തെന്ന‌് കാണിച്ച‌് പൂത്തോട്ട സ്വദേശി യായയുവാവിനെതിരെയാണ് വീട്ടമ്മ പരാതി നൽകിയത‌്.
വീടുനിർമാണത്തിനിടെ ടൈൽസ‌് ജോലികൾക്ക് കരാറെടുത്ത യുവാവ് ആരുമില്ലാത്ത സമയത്ത‌് പീഡിപ്പിച്ചെന്നും അതിന്റെ ദൃശ്യങ്ങൾ പകർത്തി പിന്നീട‌് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്തുവെന്നുംപരാതിയിൽ പറയുന്നു. വിദേശത്ത‌് ജോലിചെയ്യുന്ന ഭർത്താവിന‌് ദൃശ്യങ്ങൾ അയച്ചുകൊടുക്കുമെന്ന‌് ഭീഷണിപ്പെടുത്തിയാണ‌് പലതവണയായി സ്വർണവും പണവും തട്ടിയത‌്. പിന്നീട‌് ഈ ദൃശ്യങ്ങൾ വാട‌്സ് ആപ്പിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട‌്. കേസെടുത്ത എളമക്കര പൊലീസ‌് വീട്ടമ്മയെ മജിസ‌്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. നടപടിയില്ലെന്ന‌് കാണിച്ച‌് സിറ്റി പൊലീസ് കമ്മിഷണർക്കും യുവതി പരാതി നൽകിയിരുന്നു. കേസെടുത്തതോടെ ഒളിവിൽ പോയ ഷിജുവിനായി പൊലീസ‌് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട‌്. നേരത്തേ കുടുംബവഴക്കിനെത്തുടർന്ന‌് ഭർത്താവിനെതിരെയും യുവതി പൊലീസിൽ പരാതി നൽകിയിരുന്നു.