കൊച്ചി: കായികാദ്ധ്യാപകരോടുള്ള നീതിനിഷേധനയം സർക്കാരുകൾ പുനർചിന്തിക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. സംസ്ഥാന കായികാദ്ധ്യാപക സംയുക്ത സമരസമിതിയുടെ ആഹ്വാന പ്രകാരം എറണാകുളം ജില്ലയിലെ കായികാദ്ധ്യാപകർ കാക്കനാട് ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിഭകളെ തിരിച്ചറിഞ്ഞ് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്ന കായികാദ്ധ്യാപകർ ഇന്ന് വിദ്യാലയങ്ങളിൽനിന്ന് അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു. 40 ലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അവരെ പരിശീലിപ്പിക്കാൻ ആകെയുള്ളത് രണ്ടായിരത്തോളം കായികാദ്ധ്യാപകർ മാത്രമെന്നത് ഉത്കണ്ഠാജനകമാണ്. സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷൻ സെക്രട്ടറി പി.ഐ. ബാബു, സമരസമിതി ചെയർമാൻ എം.പി.ബെന്നി, അദ്ധ്യാപക നേതാക്കളായ ടി.യു. സാദത്ത്, രഞ്ജിത്ത് മാത്യു, സിബി മാത്യു, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.