കൊച്ചി : നാടെങ്ങും വികസനക്കുതിപ്പിലേക്ക് നീങ്ങുമ്പോഴും പിറവം മുഖംതിരിഞ്ഞ് നിൽക്കുകയാണ്. മാസ്റ്റർപ്ലാൻ അംഗീകരിക്കുന്നതിൽ നഗരസഭയുടെ ഭാഗത്തുനിന്നുള്ള താത്പര്യമില്ലായ്മയാണ് കാരണം. എല്ലാ നഗരസഭകളിലും 30 വർഷത്തെ വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനായി ജില്ലാ നഗരാസൂത്രണ ഓഫീസിനെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ടൗൺ പ്ലാനിംഗ് ഓഫീസർ 2017 മുതൽ പിറവം നഗരസഭയുടെ 27 ഡിവിഷനുകളിലും സർവേ നടത്തിയിരുന്നു. കണ്ടെത്തലുകൾ ക്രോഡീകരിച്ച് വരുന്ന 30 വർഷത്തേക്കുള്ള പദ്ധതികളായിരുന്നു കരട് രേഖയിൽ ഉണ്ടായിരുന്നത്. കരട് പ്ലാൻ തയ്യാറാക്കുന്ന ഓരോ ഘട്ടത്തിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിരുന്നു.

# പാഴൂർ പേപ്പതി ബൈപ്പാസ്

മാസ്റ്റർപ്ലാൻ നിർദ്ദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് നിർദ്ദിഷ്ട പാഴൂർ - പേപ്പതി ബൈപ്പാസ് റോഡിന്റെ അലൈൻമെന്റയിരുന്നു. 20 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ബഡ്ജറ്റിലോ കിഫ്ബിയിലോ ഉൾപ്പെടുത്താതെ ഈ തുക കണ്ടെത്താൻ സാധിക്കില്ല. എന്നാൽ നഗരസഭാ കൗൺസിൽ മാസ്റ്റർപ്ലാൻ അംഗീകരിക്കാത്തിടത്തോളം സംസ്ഥാന സർക്കാരിനെ സമീപിക്കുവാൻ സാധിക്കില്ല. 2018 സെപ്റ്റംബർ 26 ലെ നഗരസഭാ കൗൺസിൽ യോഗത്തിൽ എറണാകുളം ടൗൺ പ്ലാനർ കരട് പ്ലാൻ അവതരിപ്പിച്ചിരുന്നു. ചർച്ചകൾക്കുശേഷം ഒരു മാസത്തിനകം അംഗീകാരം നൽകണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഒമ്പത് മാസം കഴിഞ്ഞിട്ടും നടപടിയില്ലെന്നുമാത്രം. 2019 മാർച്ച് 1നും മേയ് 17നും ടൗൺപ്ലാനർ പ്രസ്തുത കാര്യങ്ങൾ കാണിച്ച് നോട്ടീസ് നൽകിയെങ്കിലും നഗരസഭാ അധികാരികൾ പ്രതികരിച്ചിട്ടില്ല.

#നഗരസഭയുടേത് കടുത്ത അനാസ്ഥ

നഗരസഭയുടെ വരും വർഷങ്ങളിലെ വാർഷിക പദ്ധതികളെയും പ്ലാൻ ഫണ്ടിന്റെ ലഭ്യതയെയും ദോഷകരമായി ബാധിക്കുന്ന ഗുരുതരമായ അനാസ്ഥയാണിത്. സങ്കുചിത താത്പര്യങ്ങൾക്ക് വേണ്ടി പിറവത്തിന്റെ ഭാവി വികസന സാദ്ധ്യതകൾ അവഗണിക്കുകയാണ്. കൗൺസിൽയോഗം അടിയന്തരമായി ചേർന്ന് കരട് പ്ലാൻ അംഗീകരിക്കണം

ബെന്നി വി വർഗീസ് , നഗരസഭ കൗൺസിലർ

ഉടനെ സർവകക്ഷിയോഗം വിളിക്കും

ജില്ലാ നഗര ആസൂത്രണ വിഭാഗം തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അംഗീകരിച്ചാൽ ജനങ്ങൾക്ക് ഏറെ പ്രയാസം ഉണ്ടാകും. മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്ന റോഡ് സൈഡിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടങ്ങളും വീടുകളും 6 മീറ്റർ കയറ്റി വേണം നിർമ്മിക്കാൻ .ഇത് വ്യാപാരികളേയും സാധാരണ ജനങ്ങളേയും ഏറെ ബുദ്ധിമുട്ടിക്കും. മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ഉടൻ തന്നെ സർവകക്ഷി യോഗം വിളിക്കും. യോഗ തീരുമാനങ്ങൾക്ക് അനുസരിച്ച് പ്ലാൻ അംഗീകരിക്കും.

സാബു കെ.ജേക്കബ്,

നഗരസഭാ ചെയർമാൻ