കൊച്ചി : ഭരണച്ചുമതലയുള്ള പ്രത്യേക ബിഷപ്പിനെ നിയമിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ അനുനയിപ്പിക്കാൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി നടത്തിയ നീക്കം പാളുന്നു. സമവായം നിർദ്ദേശിച്ചും സ്ഥലമിടപാടിൽ തെറ്റുചെയ്തിട്ടില്ലെന്നു വിവരിച്ചും കർദ്ദിനാൾ പുറത്തിറക്കിയ ഇടയലേഖനം ബഹുഭൂരിപക്ഷം പള്ളികളിലും വൈദികർ വായിച്ചില്ല. വിവാദ സ്ഥലമിടപാടിനെ ചൊല്ലി ആരംഭിച്ച ഭിന്നത, അപ്പസ്തോലിക് അഡ്മിനിസ്ട്രേഷൻ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, സഹായ ബിഷപ്പുമാരായ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ എന്നിവരെ മുന്നറിയിപ്പില്ലാതെ നീക്കിയതോടെ അതിരൂക്ഷമായി.
ഭരണം നിർവഹിക്കാൻ പ്രത്യേക ബിഷപ്പിനെ നിയമിക്കണമെന്ന് വൈദികരുടെ യോഗം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിക്കുന്നതായി വിവരിച്ചാണ് ഞായറാഴ്ച പള്ളികളിൽ വായിക്കാൻ ഇടയലേഖനം വൈദികർക്ക് നൽകിയത്.
അതിരൂപതയിലെ 336 പള്ളികളിൽ 30 ൽ മാത്രമാണ് ഇടയലേഖനം വായിച്ചത്. വായിച്ചതിൽ പകുതിയും ഇതരവിഭാഗം വൈദികരാണെന്ന് വിമതവിഭാഗം പറയുന്നു. അതിരൂപതയുടെ ഭരണച്ചുമതല വീണ്ടും ഏറ്റെടുത്ത കർദ്ദിനാളിനോട് വിമത വൈദികർ നിസഹകരണം തുടരും. പള്ളിക്കമ്മിറ്റികളും വിശ്വാസികളും തങ്ങൾക്കൊപ്പമാണെന്നും അവർ അവകാശപ്പെടുന്നു.
കർദ്ദിനാൾ ഇടയലേഖനങ്ങൾ ഇറക്കിയാൽ പള്ളിയിൽ വായിക്കില്ലെന്ന് ഫൊറോന വികാരിമാരുടെ യോഗത്തിൽ അറിയിച്ചിരുന്നതായി വൈദികർ പറയുന്നു. സ്ഥലമിടപാട്, വ്യാജരേഖക്കേസ് എന്നിവയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചനയാണ് ഇടയലേഖനം ബഹിഷ്കരിച്ച വൈദികർ നൽകുന്നത്.
ഇടയലേഖനത്തിൽ കർദ്ദിനാൾ
സ്ഥലമിടപാടിൽ അതിരൂപതയുടെ പൊതുനന്മയല്ലാതെ നഷ്ടം വരുത്തുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മനഃസാക്ഷിക്കനുസരിച്ച് എനിക്ക് പറയാൻ കഴിയും. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെയും സഹായ മെത്രാന്മാരെയും മാറ്റിയത് എന്റെ തീരുമാനമല്ല. വത്തിക്കാൻ നടത്തിയ അന്വേഷണം അനുസരിച്ചാണ്.
തെറ്റിദ്ധരിപ്പിക്കാനും വിഭാഗീയത സൃഷ്ടിക്കാനും ശ്രമിക്കുന്നവരുമായി വിശ്വാസികൾ സഹകരിക്കുകയോ അവരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. അതിരൂപതയ്ക്ക് ഭരണാധികാരമുള്ള പ്രത്യേക ബിഷപ്പിനെ നിയമിക്കാൻ നടപടിയെടുക്കും.
ആകെ പള്ളികൾ : 336
വായിച്ച പള്ളികൾ : 30
നിസഹകരണം തുടരും
വിശ്വാസികളുടെയും വൈദികരുടെയും വികാരം മുറിപ്പെടുത്തിയ കർദ്ദിനാൾ ആലഞ്ചേരിയുടെ ഇടയലേഖനം വായിക്കാൻ അതിരൂപതയെ സ്‌നേഹിക്കുന്ന ഒരു വൈദികനും സാധിക്കില്ല. വിശ്വാസികളുടെ ആഗ്രഹപ്രകാരം കർദ്ദിനാളിനോട് സമ്പൂർണ നിസഹകരണം തുടരും.
-മാത്യു കാറൊണ്ടുകടവിൽ,
പ്രസിഡന്റ്,
അതിരൂപത സുതാര്യതാസമിതി