വൈപ്പിൻ: സ്‌ക്കൂളിലെ അദ്ധ്യാപക രക്ഷകർത്തൃ വാർഷിക പൊതുയോഗത്തിനെത്തിയ രക്ഷകർത്താക്കൾക്കു മുന്നിൽ മണ്ണുനിറച്ച കവറുകൾ നീട്ടി വിത്തു നടാൻ കുട്ടികൾ അഭ്യർത്ഥിച്ചപ്പോൾ ആദ്യമെല്ലാവർക്കും കൗതുകമായിരുന്നു.നമുക്ക് ചുറ്റുമുള്ള മരങ്ങൾ നമ്മുടെ പൂർവികർ നട്ടതാണെന്നും അടുത്ത തലമുറയ്ക്കു വേണ്ടി മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്നും കുട്ടികൾ രക്ഷകർത്താക്കളെ ഓർമ്മിപ്പിച്ചു. മഴ ഇല്ലാതായതിനും ചൂട് കൂടിയതിനും കാരണം പരിസ്ഥിതി നാശമാണെന്നും മരങ്ങൾ നട്ടുവളർത്തി ഇതിനെയെല്ലാം പ്രതിരോധിക്കണമെന്നും കുട്ടികൾ പറഞ്ഞു.
വിത്തുകൾ മുളപ്പിച്ചെടുക്കാനായി പ്ലാസ്റ്റിക് പാൽക്കവറുകൾ ഉപയോഗിച്ചതും വ്യത്യസ്തമായി. തലേദിവസം തന്നെ ക്ലാസുകൾ തോറും കയറിയിറങ്ങി പാൽക്കവറുകളും വിത്തുകളും സമാഹരിക്കാനുള്ള ശ്രമം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ നടത്തിയിരുന്നു. ഇപ്രകാരം ലഭിച്ച വലിയ കവറുകൾ സീലിംഗ് മെഷീൻ ഉപയോഗിച്ച് കുട്ടികൾ തന്നെ ചെറിയ കവറുകളാക്കി മാറ്റി.
എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിലാണ് സാമൂഹ്യസേവന പരിപാടിയായ 'എന്റെ മരം' പദ്ധതി വ്യത്യസ്തമായ രീതിയിൽ നടപ്പിലാക്കിയത്. പി.ടി.എ പൊതുയോഗത്തിനെത്തുന്ന രക്ഷകർത്താക്കളെക്കൂടി പരിസ്ഥിതിസംരക്ഷണ യജ്ഞത്തിന്റെ ഭാഗമാക്കാനുള്ള ഉദ്യമത്തിന് മാനേജ്‌മെന്റും പി.ടി.എ ഭാരവാഹികളും പിന്തുണ നൽകി.
ഹെഡ്മിസ്ട്രസ്എ.കെ ശ്രീകല, സ്‌ക്കൂൾ മാനേജർ സി.പി.കിഷോർ, എസ്.ഡി.പി.വൈകൗൺസിലർസി.ജി പ്രതാപൻ, പി.ടി.എ പ്രസിഡന്റ്എം.ബി അയൂബ്, ഡ്രിൽ ഇൻസ്ട്രക്ടർ ഇ.എം പുരുഷോത്തമൻ, അദ്ധ്യാപകനായ കെ.ജി.ഹരികുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.