metro
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം

# കുടിശിക : 520 കോടി രൂപ

കൊച്ചി : തൈക്കൂടം വരെയുള്ള മെട്രോ റെയി​ൽ നി​ർമ്മാണം വൈകുമോയെന്ന ആശങ്കയകന്നു. മഹാരാജാസ് കോളേജ് മുതൽ തൈക്കൂടം വരെയുള്ള നിർമ്മാണത്തിന് പണം ഇനി പ്രശ്നമാകില്ല. നിർമ്മാണച്ചുമതല വഹിക്കുന്ന ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് (ഡി.എം.ആർ.സി) നൽകാനുള്ള 520 കോടി രൂപ നൽകാൻ ധാരണയായി.

സെപ്തംബറിൽ തൈക്കൂടംവരെ മെട്രോ അടുത്തഘട്ടം ഓടിക്കാനുള്ള ശ്രമത്തിലാണ് ഡി.എം.ആർ.സിയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെ.എം.ആർ.എൽ). മുക്കാൽഭാഗം പൂർത്തിയായ പാതയിൽ അതിവേഗതയിൽ നിർമ്മാണം തുടരുന്നതിനിടെയാണ് ബില്ലുകൾ മാറി പണം കിട്ടാതെ വന്നതോടെ ചില കരാറുകാർ മെല്ലെപ്പോക്ക് ആരംഭിച്ചത്.

കരാറുകാർക്ക് പണം നൽകേണ്ടത് ഡി.എം.ആർ.സിയാണ്. പണിതീരുന്ന മുറയിൽ മാസംതോറും കെ.എം.ആർ.എല്ലും സർക്കാരുമാണ് പണം ഡി.എം.ആർ.സിക്ക് നൽകുക. അഞ്ചുമാസം മുമ്പുവരെ കൃത്യമായി ഡി.എം.ആർ.സിക്ക് പണം ലഭിച്ചിരുന്നതായി ഡി.എം.ആർ.സി അധികൃതർ പറയുന്നു. അഞ്ചുമാസം കൊണ്ട് 520 കോടി രൂപയോളം കുടിശിക വന്നു. ഇതുമൂലം കരാറുകാർക്ക് പണം നൽകുന്നതും വൈകി. സാമ്പത്തിക ഞെരുക്കത്താൽ ചില കരാറുകാർ തൊഴിലാളികളുടെ എണ്ണം കുറച്ചു.

# ചീഫ് സെക്രട്ടറിയുടെ ഉറപ്പ്

കഴിഞ്ഞദിവസം ഡി.എം.ആർ.സി അധികൃതരും ചീഫ് സെക്രട്ടറി ടോം ജോസും തമ്മിൽ നടത്തിയ ചർച്ചയിൽ കുടിശിക തീർക്കാൻ ധാരണയിലെത്തി. കെ.എം.ആർ.എല്ലും സർക്കാരും നൽകേണ്ട തുക വൈകാതെ നൽകും. ഘട്ടംഘട്ടമായി മുഴുവൻ കുടിശിക തുകയും നൽകും. ഇതോടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഡി.എം.ആർ.സി അധികൃതർ പറഞ്ഞു.

# ഡൽഹിയിൽ നിന്നും പണം

കരാറുകാർക്ക് കുടിശിക വന്നതോടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ ഇടപെട്ട് ഡി.എം.ആർ.സിയുടെ ഡൽഹിയിലെ ആസ്ഥാനത്തുനിന്ന് പണം വരുത്തി കരാറുകാർക്ക് നൽകിയിരുന്നു. കരാറുകാരുടെ മെല്ലപ്പോക്ക് മൂലം പണികൾ വൈകാതിരിക്കാനായിരുന്നു നടപടി. രാജ്യത്തെ മറ്റു മെട്രോകളിലും കരാർ നേടിയിട്ടുള്ള പ്രധാനപ്പെട്ട കരാറുകാർ തുക വൈകിയെങ്കിലും പണിയിൽ വീഴ്ച വരുത്തിയതുമില്ല.

# വീഴ്ച വരുത്തിയിട്ടില്ല

പണം നൽകുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു. വായ്പ ലഭിക്കുന്നതനുസരിച്ച് ഡി.എം.ആർ.സിക്ക് പണം നൽകുന്നുണ്ട്. സർക്കാർ നൽകേണ്ട വിഹിതം കൈമാറുന്നതിൽ കാലതാമസം വന്നിട്ടുണ്ട്. അവ പരിഹരിച്ചുവരി​കയാണ്.

# പണികൾ ഒറ്റനോട്ടത്തിൽ

ട്രാക്കിടൽ പൂർത്തിയായി

സിഗ്നലുകൾ സ്ഥാപിക്കുന്നു

സ്റ്റേഷൻ പണികൾ ഉടൻ തീരും

ആകെ ദൂരം : 5 കിലോമീറ്റർ

സ്റ്റേഷനുകൾ : 5