മൂവാറ്റുപുഴ: എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇപ്പോൾ റംബൂട്ടാനാണ് താരം. ഒരു കാലത്ത് മലയോരമേഖലുടെ സാമ്പത്തിക രംഗത്ത് വിപ്ളവം സൃഷ്ടിച്ച റബറിനെയും പിന്തള്ളി എങ്ങും വ്യാപകമാവുകയാണ് റംബൂട്ടാൻ കൃഷി.
റബറിന് വിലയിടിഞ്ഞ് നട്ടം തിരിഞ്ഞ കർഷകർക്ക് മുന്നിലേക്ക് പ്രതീക്ഷയുടെ നാളമായി ഈ വിദേശ പഴം മാറിയിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ.
റബർ മരങ്ങൾ വെട്ടിമാറ്റി ഈ വിദേശിയെ നട്ടവരും ഒരുപാടുണ്ട്. തൊടുപുഴ ഭാഗത്താണ് ആദ്യം വ്യാപകമായ കൃഷി ആരംഭിച്ചതെങ്കിലും ഇപ്പോൾ മൂവാറ്റുപുഴ മേഖലയിലെ കല്ലൂർക്കാട്, ആയവന മഞ്ഞള്ളൂർ, പായിപ്ര പഞ്ചായത്തുകളിൽ പ്രധാന കൃഷിയായി റംബൂട്ടാൻ അതിവേഗം മാറുകയാണ്.
പൈനാപ്പിളും ജാതിയും റബറും വാഴയും കുരുമുളകും കൃഷി ചെയ്തിരുന്നയിടങ്ങളിൽ റംബൂട്ടാൻ വിളഞ്ഞ് കിടക്കുകയാണ്.
വിളഞ്ഞ തോട്ടങ്ങൾ കാണാനും നേരിട്ടു പഴം പറിച്ചു നൽകാനുമൊക്കെ സൗകര്യമൊരുക്കി കർഷകരും ഇപ്പോൾ വിളവെടുപ്പ് ആഘോഷമാക്കുന്നു. കല്ലൂർക്കാട് പഞ്ചായത്തിൽ മാത്രം 50 ൽ അധികം ഏക്കർ ഭൂമിയിൽ കൃഷിയുണ്ട്.
മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും റംബൂട്ടാന്‍ കൃഷിയുണ്ട്.
ജാതിമരങ്ങള്‍ പോലെ ആണ്‍ മരവും പെണ്‍മരവും ഉണ്ട്. വാണിജ്യാടിസ്‌ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ ശാസ്‌ത്രീയ പരിചരണം ആവശ്യമാണ്. രണ്ടാം വർഷം മുതൽ കായ്ച്ച് തുടങ്ങും. സൂര്യപ്രകാശം നിർബന്ധം. നല്ല വെയിൽ കിട്ടിയാൽ വിളവും കൂടും. വർഷത്തിൽ ഒരുപ്രാവശ്യം കായ്ക്കും. അഞ്ച് മാസത്തിനുള്ളിൽ പഴമാകും.
റംബൂട്ടാൻ ഉല്പാദനം കൂടിയതോടെ ഇക്കുറി വിലയും കുറഞ്ഞു. ചില്ലറ വിപണിയിൽ കഴിഞ്ഞവർഷം ശരാശരി കിലോ 300 രൂപയ്ക്ക് വിറ്റ റംബൂട്ടാന്
ഇപ്പോൾ 150 - 260 ആണ് വില. ഇടനിലക്കാർ നേരിട്ടെത്തി കർഷകരിൽ നിന്ന് വാങ്ങുന്നതാണ് നിലവിലെ രീതി.
കർഷകന് കിട്ടുന്നത് കിലോ: 120 - 150
ചില്ലറ വിപണിയിൽ കിലോ : 150 - 260
റംബൂട്ടാൻ വിശേഷങ്ങൾ
രണ്ടാം വർഷം മുതൽ കായ്ച്ച് തുടങ്ങും
പരിചരണം വേണ്ടെന്നു തന്നെ പറയാം
വളം, കീടനാശിനി പ്രയോഗങ്ങൾ അത്യപൂർവം
ഒരേക്കറിൽ 70 മരം നടാം
5-6 വർഷം കഴിഞ്ഞാൽ ഏക്കറിന് 8-10 ലക്ഷം വരെ വരുമാനം
ഡിമാൻഡ് ഏറെ