പ്രതീക്ഷയോടെ
തൃക്കാക്കരയിലെതൊഴിൽ പരിശീലനം
തൃക്കാക്കര : പട്ടികജാതിപട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് സൗജന്യമായി തൊഴിൽ പരിശീലനം നൽകാൻ നഗരസഭ നവീകരിച്ച ഡോ.ബി .ആർ അംബേദ്കർ അയ്യങ്കാളി മുൻസിപ്പൽ ടവർ ഇനിയും തുറന്നില്ല. പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി രണ്ടുകോടിരൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയത്.ബേസ്‌മെന്റ് പാർക്കിംഗുള്ളകെട്ടിടത്തിന്റെ,ഒന്നാം നിലയിൽ തൊഴിൽ പരിശീലന കേന്ദ്രവും,ബാക്കിയുള്ള നിലകളിൽ അനുബന്ധ സംവിധാനവുമാണ് ഒരുക്കിയിട്ടളളത്. കഴിഞ്ഞ മാസം നഗര സഭ അദ്ധ്യക്ഷ ഷീല ചാരു,വൈസ്.ചെയർമാൻ കെ .ടി .എൽദോ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തക സമിതി യോഗം ചേരുകയും പഠന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് ബൈലോ ഉണ്ടാക്കുന്നതിന് മുൻസിപ്പൽ സെക്രട്ടറി പി .എസ് ഷിബുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
18വർഷം മുമ്പ് കാക്കനാട് പാട്ടുപുരക്കാവ് ഭഗവതിക്ഷേത്രത്തിന് സമീപം 15ലക്ഷം രൂപ ചെലവഴിച്ച് ഒമ്പതു സെന്റ് സ്ഥലത്താണ് പരിശീലനകേന്ദ്രം ആദ്യം ആരംഭിച്ചത്. 25തയ്യൽമെഷീനുകൾ, വെൽഡിംഗ്‌സെറ്റ്, ലെയ്ത്ത് എന്നിവസൗജന്യ തൊഴിൽ പരിശീലനത്തിനായി ആദ്യകാലത്ത് വാങ്ങിക്കൂട്ടിയിരുന്നു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞഉടനെ മുഴുവൻ തയ്യൽ യന്ത്രങ്ങളും മോഷണം പോയി. തുടർന്ന് പരിശീലന കേന്ദ്രം ഭരണസമിതി അടച്ചിടുകയായിരുന്നു. ഇതിനിടെ ട്രെയിനിംഗ് സെന്ററിൽ തുരുമ്പെടുത്ത് ഉപയോഗശൂന്യമായ പരിശീലന യന്ത്രങ്ങളും സാമഗ്രികളും ലേലം ചെയ്യാനും ട്രെയിനിംഗ് സെന്ററിൽ കമ്പ്യുട്ടർ പരിശീലനം ആരംഭിച്ച് തുറന്നു പ്രവർത്തിപ്പിക്കാനും ഓംബുഡ്‌സുമാൻ ഉത്തരവിട്ടിരുന്നു. സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്ന ട്രെയിനിംഗ് സെന്റർ കെട്ടിടം കമ്പ്യുട്ടർ പരിശീലനത്തിനായി വീണ്ടും മുൻ ഭരണസമിതി നവീകരിച്ചെങ്കിലും അടഞ്ഞുതന്നെ കിടന്നു. അന്ന് എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് പന്ത്രണ്ട് കമ്പ്യുട്ടറുകളും വാങ്ങിയതും പ്രവർത്തന രഹിതമായി.
ആദ്യഘട്ടത്തിൽ വാങ്ങിയ തയ്യൽമെഷീനുകൾ തുരുമ്പെടുത്തു
രണ്ടാംഘട്ടത്തിൽഎട്ട് ലക്ഷത്തിന്റെ കമ്പ്യൂട്ടറുകൾ നശിച്ചു
ഇപ്പോൾ നവീകരണം രണ്ട് കോടി ചെലവഴിച്ച്