കോലഞ്ചേരി: പാതിരാത്രിയിൽ കടയ്ക്കനാട് അനധികൃത മണ്ണെടുപ്പ് നടത്തിയ രണ്ട് ടിപ്പറും ജെ.സി.ബിയും കുന്നത്തുനാട് പൊലീസ് പിടികൂടി. കടയ്ക്കനാട് റബ്ബർകട ജംഗ്ഷനു സമീപത്താണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മണ്ണെടുപ്പ് നടത്തിയത്. ടിപ്പറിൽ കയറ്റിയ മണ്ണ് പെട്ടെന്ന് ഇറക്കിയ ശേഷം ലോറിയുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ടിപ്പറുകൾ പിടികൂടി. മേഖലയിൽ മഴയുടെ മറവിൽ രാത്രികാല മണ്ണെടുപ്പ് വ്യാപകമായതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത വാഹനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ആർ.ഡി.ഒ യ്ക്ക് കൈമാറി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സി.ഐ വി.ടി. ഷാജൻ പറഞ്ഞു.