നെടുമ്പാശേരി: നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 680 തീർത്ഥാടകർ കൂടി ഇന്നലെ യാത്രയായി. 340 പേരുമായി എഐ 5181 നമ്പർ എയർ ഇന്ത്യ വിമാനം ഉച്ചയ്ക്ക് രണ്ടിനും എഐ 5183 നമ്പർ വിമാനം വൈകീട്ട് 5.35നുമാണ് പുറപ്പെട്ടത്.
1360 തീർത്ഥാടകർ കൂടിയാണ് ഇനി നെടുമ്പാശേരിയിൽ നിന്നും യാത്ര തിരിക്കാനുള്ളത്. ഇന്ന് പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലെ തീർത്ഥാടകർ ഇന്നലെ വൈകീട്ടോടെ ക്യാമ്പിലെത്തി. യാത്രാമംഗളങ്ങൾ നേരാൻഎം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എ.എം. ആരിഫ്, വി.കെ. ശ്രീകണ്ഠൻ, മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാഫർ മാലിക് തുടങ്ങിയവർ എത്തി. ഇന്നലെയും പ്രാർത്ഥനകളിൽ പങ്കെടുക്കാൻ വൻ ജനാവലിയാണ് എത്തിച്ചേർന്നത്.