#കവല വികസനം ജലരേഖ: ഗതാഗതകുരുക്കിൽ വീർപ്പുമുട്ടി ചെങ്ങമനാട്
നെടുമ്പാശേരി: പറവൂർ എയർപോർട്ട് റോഡിലെ പ്രധാന കവലയായ ചെങ്ങമനാട് ട്രാഫിക് നിയന്ത്രിച്ച് പൊലീസും, നാട്ടുകാരും മടുത്തു. കുറുമശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതുവഴി പോകുന്നതിനാൽ എല്ലായിപ്പോഴും ഗതാഗതകുരുക്കാണ്. അപകടങ്ങളും പതിവായിരിക്കുകയാണ്. ചെങ്ങമനാട് കവല സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുന്നതാണ് ദുരിതത്തിന് പ്രധാന കാരണം.
പറവൂർ അത്താണി റൂട്ടിലെയും, വിമാനത്താവളത്തിൽ വന്ന് പോകുന്നതടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് ഇത് വഴി സഞ്ചരിക്കുന്നത്. ഇതിന് പുറമെ പനയക്കടവ് വഴിയും ചെങ്ങമനാട് ഭാഗത്തേക്ക് നിരവധി വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ചെങ്ങമനാട് കവലയിൽ നാല് ദിശകളിലേക്കും തലങ്ങും, വിലങ്ങും വാഹനങ്ങൾ സഞ്ചരിക്കുമ്പോഴാണ് പ്രധാനമായും ഗതാഗതക്കുരുക്കും അപകടങ്ങളുമുണ്ടാകുന്നത്. ചെങ്ങമനാട് കവല വികസപ്പിക്കണമെന്ന് മുറവിളി കൂട്ടുന്നതിനിടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർത്ഥ്യമായത്. അതോടെ ഗുരുവായൂർ, ചാവക്കാട്, കൊടുങ്ങല്ലൂർ, ചെറായി, പറവൂർ, മാള ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ എളുപ്പത്തിലത്തൊൻ ചെങ്ങമനാട് വഴിയിലൂടെയാക്കി സഞ്ചാരം. അതോടെ കുപ്പിക്കഴുത്താകൃതിയിലായ കവലയിൽ നിത്യവും ഗതാഗതക്കുരുക്കും, അപകടങ്ങളും പതിവായി.
സിഗ്നലുമില്ല
ഗതാഗതക്കുരുക്കും, അപകടങ്ങളും ഒഴിവാക്കാൻ ഒരു പതിറ്റാണ്ട് മുമ്പ് ചെങ്ങമനാട് ജംഗ്ഷനിൽ സ്വയം നിയന്ത്രിച്ച് പോകാനുള്ള സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തിയെങ്കിലും കാലക്രമേണ അതൊന്നും ഗൗനിക്കാതെയായി. പോസ്റ്റുകൾ തകരാറിലാവുകയും, ഏത് നിമിഷവും നിലം പൊത്തുന്ന സ്ഥിതിയിലുമായി. അടുത്ത കാലത്തായി ചെങ്ങമനാട് കവലയിലും, പരിസരങ്ങളിലുമായി വാഹനാപകടത്തിൽ നിരവധി പേരുടെ ജീവൻ പൊലിഞ്ഞു. അദ്ധ്യായനം ആരംഭിച്ചതോടെ കോളജുകളിലും സ്‌കൂളുകളിലും മറ്റും പോകുന്ന വിദ്ധ്യാർത്ഥികളടക്കം റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടുകയാണ്. പലപ്പോഴും അപകടങ്ങൾക്കും ഇത് വഴി വെക്കുകയാണ്.
മണിക്കൂറോളം നീണ്ട് നിൽക്കുന്ന ഗതാഗതക്കുരുക്കാണ് പലപ്പോഴുമുണ്ടാകുന്നത്. ഈ സന്ദർഭങ്ങളിൽ ആദ്യമൊക്കെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസത്തെിയിരുന്നെങ്കിലും, പതിവ് പല്ലവിയായി മാറിയതോടെ പൊലീസും ഇപ്പോൾ കണ്ടഭാവം നടിക്കുന്നില്ലെന്നാണാക്ഷേപം. ഓട്ടോ ഡ്രൈവർമാരും, ചുമട്ടുതൊഴിലാളികളും, വ്യാപാരികളുമടക്കമുള്ള നാട്ടുകാരാണ് മണിക്കൂറോളം നീളുന്ന ഗതാഗതക്കുരുക്കൊഴിവാക്കാൻ ഇപ്പോൾ രംഗത്തിറങ്ങി പ്രവർത്തിക്കുന്നത്.
#പുത്തൻതോട് മുതൽ ചുങ്കം കവല വരെ റോഡ് വികസനത്തിന് പി.ഡബ്ല്യു.ഡി നടപടിയെടുത്തെങ്കിലും പൂർത്തിയാക്കിയിട്ടില്ല. ചെങ്ങമനാട് കവലയിൽ സർവേ നടന്നിട്ടുണ്ട്. ഇവിടെ പുറമ്പോക്ക് ഭൂമി കുറവാണ്. എന്നാൽ കച്ചവടക്കാർ ഷെഡുകൾ കെട്ടി കൈയ്യേറിയിട്ടുണ്ട്. ഇത് തിരിച്ചുപിടിച്ചാൽ താത്കാലിക ആശ്വാസമാകും. എം.പി, എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തെങ്കിൽ മാത്രമെ യഥാർത്ഥ വികസനം യാഥാർത്ഥ്യമാകൂ.
വി.എൻ. സജീവ് കുമാർ, രണ്ടാം വാർഡ് മെമ്പർ,ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്.
#ചെങ്ങമനാട് കവലയിലുണ്ടാകുന്ന ഗതാഗത കുരുക്ക് കച്ചവടക്കാരെ ബാധിക്കുന്നില്ലെങ്കിലും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വ്യാപാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ വികസനം യാഥാർത്ഥ്യമാക്കണം.
ടി.എസ്. മുരളി പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെങ്ങമനാട് യൂണിറ്റ്.