കൊച്ചി : ശബരിമലയിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന ഹർജിയിൽ ഇൗ ക്ഷേത്രം മതേതര സ്വഭാവമുള്ള ക്ഷേത്രമാണെന്നും ഇത്തരമൊരു ഹർജിയുമായി മുന്നോട്ടുപോകാൻ ഹർജിക്കാരൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. തൃശൂർ ഉൗരകം സ്വദേശി ഗോപിനാഥൻ നൽകിയ ഹർജിയിലാണ് ദേവസ്വംബെഞ്ച് ഇക്കാര്യം പറഞ്ഞത്. ശബരിമലയിൽ യേശുദാസിന്റെ സ്വരത്തിലല്ലേ ഹരിവരാസനം പാടുന്നത് ? ഇതുമാറ്റി മറ്റാരെക്കൊണ്ടെങ്കിലും പാടിക്കണമെന്നും പറയുമോ? ശബരിമലയുമായി ബന്ധമുള്ള വാവര് സ്വാമിയും അഹിന്ദുവാണെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. എന്നാൽ ഹരിവരാസനം മന്ത്രമല്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്നു ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.

എട്ട് പൊലീസുകാർക്കെതിരെ നടപടി

ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ തിരിച്ചറിഞ്ഞെന്നും ഇവർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പൊലീസ് അതിക്രമത്തിനെതിരെ നടപടി വേണമെന്ന ഹർജികളിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. പൊലീസുകാർ നിലയ്ക്കലിലും പമ്പയിലുമായി വാഹനങ്ങൾ തകർത്തതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് നടപടിതേടി ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.