മൂവാറ്റുപുഴ: തലതിരിഞ്ഞ വികസനത്തിന്റെ ദുരന്തഭീതിയിലാണ് മൂവാറ്റുപുഴക്കാർ. നഗരത്തിലൂടെ പോകുന്ന പ്രധാന റോഡുകളിൽ വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് ഇറങ്ങിനിൽക്കുന്നതാണ് പ്രധാനപ്രശ്നം. കൊച്ചി - മധുര ഹൈവേ, എം.സി റോഡ്, മൂവാറ്റുപുഴ - പുനലൂർ റോഡുൾപ്പെടെ മിക്കയിടങ്ങളിലെയും സ്ഥിതി ഇതാണ്. ഇതിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. അപകടമുണ്ടായാൽ പോസ്റ്റൊടിഞ്ഞ് വൈദ്യുതി കമ്പികളും കൂട്ടിമുട്ടി തീപ്പൊരിചിതറി താഴേക്ക് പതിക്കുമെന്ന് ഉറപ്പാണ്. അതേ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്.
റോഡ് വികസിച്ചു, പോസ്റ്റ് മാറ്റിയില്ല
ആദ്യകാലത്ത് റോഡ് സൈഡുകളിൽ സ്ഥാപിച്ച വൈദ്യുതി പോസ്റ്റുകളിൽ ഭൂരിഭാഗവും ഇപ്പോൾ റോഡിലാണ് നിൽക്കുന്നത്. റോഡിന് കാലാകാലങ്ങളിൽ വീതി കൂട്ടിയെങ്കിലും വൈദ്യുതി പോസ്റ്റ് മാറ്റാൻ ആരും മെനക്കെട്ടില്ല.
നഗരത്തിൽ എറണാകുളം , ആലുവ ഭാഗങ്ങളിലേക്ക് തിരിഞ്ഞ് പോകുന്ന വെള്ളൂർക്കുന്നം സിഗ്‌നൽ ജംഗ്ഷനിൽ അപകടം പതിയിരിക്കുന്ന പോസ്റ്റ് റോഡിൽത്തന്നെയാണ് നിൽക്കുന്നത്. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ ഈ പോസ്റ്റിൽ ഉരുമിയാണ് കടന്നുപോകുന്നത്. രാത്രിയിൽ ഈ ഭാഗത്തെ വെളിച്ചക്കുറവും അപകടം ക്ഷണിച്ചുവരുത്തുന്നു. വർഷങ്ങൾക്കു മുമ്പ് ഇവിടെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നോക്കുകുത്തിയായി നിൽക്കാൻ തുടങ്ങിയിട്ട് നാളേറെയായി. അടുത്ത കാലത്തായി രണ്ട് അപകടമരണങ്ങളും ഇവിടെ ഉണ്ടായി. ഇതൊക്കെയായിട്ടും പ്രശ്നം പരിഹരിക്കാൻ കെ.എസ്.ഇ.ബിയോ പൊതുമരാമത്തു വകുപ്പോ തയ്യാറാകുന്നില്ല. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന പോസ്റ്റുകളിൽ സ്ഥിരമായി വാഹനം ഇടിക്കുന്നതിനാൽ മിക്ക പോസ്റ്റുകളും വളഞ്ഞ് വില്ലുപോലെയാണ് നിൽക്കുന്നത്. ഗുരുതരമായി കേടുവരുന്ന പോസ്റ്റുകൾ അറ്റകുറ്റപ്പണി തീർത്ത് നിലനിർത്തി തലയൂരുകയാണ് അധികാരികൾ.
പ്രശ്നം പരിഹരിക്കണം
മൂവാറ്റുപുഴ നഗരത്തിലെ വെള്ളൂർക്കുന്നം സിഗ്‌നൽ ജംഗ്ഷനിലുൾപ്പടെ അപകടകരമാവിധം റോഡിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ ഉടനെ നീക്കം ചെയ്യണം. അപകടം ഇല്ലാത്ത രീതിയിൽ പുതിയ പോസ്റ്റുകൾ സ്ഥാപിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകണം.
അപ്പയ്ക്കൽ മുഹമ്മദ്
മൂവാറ്റുപുഴ പൗരസമിതി വൈസ് പ്രസിഡന്റ്.