മൂവാറ്റുപുഴ: ഉന്നത നിലവാരത്തിൽ നവീകരണം നടക്കുന്ന മൂവാറ്റുപുഴ പണ്ടപ്പിള്ളി കൂത്താട്ടുകുളം ലിങ്ക് റോഡിലെ പഴകിയ പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിന് ജലവിഭവ വകുപ്പിൽ നിന്ന് 1.50കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ഇവിടങ്ങളിലെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റണമെന്നാവശ്യപ്പെട്ട് എം.എൽ.എ, ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റംകുഞ്ഞ്, മെമ്പർമാരായ മിനി രാജു, റാണി ജെയ്‌സൺ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞമാസം മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകിയിരുന്നു.

റോഡിന് 16കോടി

ഈ റോഡ് ബിഎം ബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിനായി സെൻട്രൽ റോഡ്‌സ് ഫണ്ടിൽ നിന്ന് 16കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയായി. റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് റോഡിലെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ നീക്കം ചെയ്ത് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കും. മുൻഎം.പി. ജോയ്‌സ് ജോർജിന്റെ ശക്തമായ ഇടപെടലിനെ തുടർന്നായിരുന്നു ഫണ്ട് അനുവദിച്ചത്.

മൂവാറ്റുപുഴയിൽ നിന്നാരംഭിച്ച് മാറാടി, ആരക്കുഴ, പാലക്കുഴവഴി കൂത്താട്ടുകുളത്ത് അവസാനിക്കുന്ന 16.5 കിലോ മീറ്റർ വരുന്ന റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് ഓടകളും കലുങ്കുകളും നവീകരിക്കും. റോഡിന്റെ ഇരു സൈഡിലും കോൺക്രീറ്റിംഗ് നടത്തും. ദിശാബോർഡുകളും റിഫ്‌ളക്ടറുകളും സ്ഥാപിച്ച് മനോഹരമാക്കും.