കൊച്ചി: നഗരസഭ ആരോഗ്യസ്ഥിരം സമിതിയുടെ നേതൃത്വത്തിൽ എറണാകുളം ബ്രോഡ്‌വേയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 50 മൈക്രോണിൽ താഴെയുള്ള ഒരു ടണ്ണിലേറെ നിരോധിത പ്ളാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു. കാരിബാഗിന്റെ തൂക്കം തിട്ടപ്പെടുത്തുന്നതിനായി പത്ത് മൈക്രോമീറ്ററുകൾ വാങ്ങിയെങ്കിലും പരിശോധന നടക്കുന്നില്ലെന്ന് കൗൺസിലിൽ ആക്ഷേപം ഉയർന്നു. അതാത് ഡിവിഷൻ കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ താൻ നേരിട്ട് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്ന് അദ്ധ്യക്ഷ പ്രതിഭ അൻസാരി യോഗത്തിൽ ഉറപ്പുനൽകി.
ബ്രോഡ്‌വേയിലെ ആറ് മൊത്ത കച്ചവട സ്ഥാപനങ്ങളിലാണ് പ്രതിഭ അൻസാരിയുടെ നേതൃത്വത്തിൽ ഇന്നലെ പരിശോധന നടത്തിയത്. കൗൺസിലർമാരായ വി.പി.ചന്ദ്രൻ, കെ.എ.ഫ്രാൻസിസ് , ഹെൽത്ത് ഇൻസ്പക്‌ടർമാർ , ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്ന് പ്രതിഭ അൻസാരി പറഞ്ഞു.