കൊച്ചി : നഗരവാസികൾക്കും സഞ്ചാരികൾക്കും പ്രിയങ്കരമായ എറണാകുളം മറൈൻ ഡ്രൈവിന്റെ സൗന്ദര്യം സംരക്ഷിക്കാനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും ജി.സി.ഡി.എ രണ്ടാഴ്ചയ്ക്കകം കർമ്മ പദ്ധതി തയ്യാറാക്കി സമർപ്പിക്കണമെന്നും 24 മണിക്കൂറും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
മറൈൻഡ്രൈവിന്റെ സംരക്ഷണത്തിന് എൻവയോൺമെന്റൽ മോണിട്ടറിംഗ് ഫോറം എന്ന സംഘടനയിലെ അംഗമായ രഞ്ജിത്ത് ജി. തമ്പി നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവു നൽകിയത്. മറൈൻഡ്രൈവിന്റെ മോടി കൂട്ടാൻ പദ്ധതി ആവിഷ്കരിക്കുന്നുണ്ടെന്ന് കൊച്ചി കോർപ്പറേഷൻ വ്യക്തമാക്കിയെങ്കിലും നിലവിലെ സൗന്ദര്യം സംരക്ഷിക്കാനാണ് നടപടി വേണ്ടതെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. ഹർജി ആഗസ്റ്റ് അഞ്ചിന് വീണ്ടും പരിഗണിക്കും.
മറ്റു നിർദ്ദേശങ്ങൾ
മറൈൻ ഡ്രൈവിലെ പ്രഭാത - സായാഹ്ന നടത്തക്കാർക്ക് മതിയായ സൗകര്യമുണ്ടെന്ന് കൊച്ചി നഗരസഭ ഉറപ്പു വരുത്തണം.
തെരുവു വിളക്കുകൾ കത്തുന്നുവെന്ന് നഗരസഭ ഉറപ്പാക്കണം. ആവശ്യമുള്ളിടത്ത് പുതിയ വിളക്കുകൾ സ്ഥാപിക്കണം.
മറൈൻഡ്രൈവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് നഗരസഭ ഉറപ്പാക്കണം.
മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പൊലീസിനെ സമീപിച്ച് നടപടികൾ സ്വീകരിക്കണം.
സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടി പൊലീസ് സ്വീകരിക്കണം.
മറൈൻ ഡ്രൈവിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ജി.സി.ഡി.എ കർമ്മ പദ്ധതി തയ്യാറാക്കണം.
ഹർജിയിലെ ആരോപണങ്ങൾ ഇങ്ങനെ
മറൈൻഡ്രൈവിൽ മതിയായ തെരുവു വിളക്കുകൾ ഇല്ല.
വിശ്രമിക്കാൻ സ്ഥാപിച്ച കസേരകൾ തകർന്ന നിലയിലാണ്.
മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു.
വാക്ക് വേ തെരുവുകച്ചവടക്കാർ കൈയേറുന്നു.
പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെടുന്നു.
രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം.