# സൂക്ഷ്മപരിശോധന 18ന് അവസാനിക്കും

തൃക്കാക്കര : പ്രളയപുനർനിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും സ്വീകരിച്ച അപ്പീലുകളുടെ ഡാറ്റാ എൻട്രി നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർവഹണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിവരശേഖരണത്തിന്റെ പുരോഗതി വിലയിരുത്താൻ കളക്ടറേറ്റിൽ വിളിച്ചുചേർത്ത സാങ്കേതികവിദഗ്ദ്ധരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂക്ഷ്മപരിശോധന നടത്താനുള്ള അവസാന തീയതി ജൂലായ് 18 ആണ്. ഈ വിവരങ്ങൾ 19ന് ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ ജില്ലാ ഭരണകൂടത്തിന്റ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യാൻ സാധിക്കുകയുള്ളു.

വിവിധ വകുപ്പുകളിലെ എക്‌സിക്യുട്ടീവ് എൻജിനിയർമാരാണ് അതത് പ്രദേശങ്ങളിലെത്തി വിവരശേഖരണവും സൂക്ഷ്മപരിശോധനയും നടത്തുന്നത്. സൂക്ഷ്മപരിശോധനയുടെ വിശദാംശങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ അപ്പപ്പോൾത്തന്നെ ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യാനാണ് നിഷ്‌കർഷിച്ചിരുന്നത്. എന്നാൽ സാങ്കേതിക വിദഗ്ദ്ധർ സ്ഥലം സന്ദർശിച്ച് തയ്യാറാക്കുന്ന റിപ്പോർട്ടുകൾക്ക് ആനുപാതികമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽനിന്നും വിവരങ്ങൾ വെബ്‌സൈറ്റിൽ ചേർത്തുകാണുന്നില്ലെന്ന് ജില്ലാ കളക്ടർ വിലയിരുത്തി. ഇത്തരത്തിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. വരും ദിവസങ്ങളിൽ ലഭിക്കുന്ന സൂക്ഷ്മപരിശോധനാ റിപ്പോർട്ടുകൾ അപ്പപ്പോൾ അപ് ലോഡ് ചെയ്യാനും കളക്ടർ നിർദ്ദേശിച്ചു.