#സി.സി. ടി.വി കാമറകളിൽ നിന്ന് തുമ്പില്ല,

ആലുവ: തോട്ടയ്ക്കാട്ടുകര ജി.സി.ഡി.എ കോളനിയിൽ വീട് കുത്തി തുറന്ന് 30 ലക്ഷം രൂപയുടെ കവർച്ച നടത്തിയ സംഭവത്തിൽ പൊലീസ് ശേഖരിച്ച 13 വിരലടയാളങ്ങളിൽ നാല് എണ്ണത്തിൽ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. മൂന്ന് പേർ താമസിക്കുന്ന വീട്ടിൽ അടുത്ത ദിവസങ്ങളിലെത്തിയ അഞ്ച് പേരുടെ വിരലടയാളങ്ങൾക്ക് പുറമെയുള്ളവയാണ് അന്വേഷണ പരിധിയിലുള്ളത്.

തോട്ടയ്ക്കാട്ടുകര ജി.സി.ഡി.എ റോഡിൽ പൂണേലിൽ ജോർജ്ജിന്റെ വീട്ടിലെ കിടപ്പു മുറിയിലെ ഡിജിറ്റൽ ലോക്കറിൽ നിന്ന് 25 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ, 20 പവൻ സ്വർണം, 65,000 രൂപ, 2000 യു.എസ്. ഡോളർ, 800 പൗണ്ട് എന്നിവയാണ് മോഷണം പോയത്. മോഷണം നടന്ന അലമാരയിൽ നിന്നും ഡിജിറ്റൽ ലോക്കറിൽ നിന്നുമാണ് വിരലടയാളം അന്വേഷണ സംഘം ശേഖരിച്ചത്. സംശയമുള്ള വിരലടയാളങ്ങൾ സംസ്ഥാനത്തെ മോഷണ കേസുകളിലെ പ്രതികളുടെ വിരലടയാളങ്ങളുമായി ഒത്തുനോക്കുകയാണ്. കൂടാതെ തമിഴ്‌നാട്, കർണാടക തുടങ്ങിയ അയൽസംസ്ഥാനത്തെ പൊലീസിനും അയച്ചു കൊടുത്തിട്ടുണ്ട്.

#പൊലീസ് നിഗമനങ്ങൾ ഇങ്ങനെ..

മോഷണം നടത്തിയതിന് പിന്നിൽ വിദഗ്ദ്ധരായ പ്രൊഫഷണൽ സംഘമുണ്ട് എന്നാണ് നിഗമനം. ഇവരെ പ്രാദേശകമായി ആരെങ്കിലും സഹായിച്ചിട്ടുണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
മോഷണ സമയത്ത് ഈ മേഖലയിൽ പ്രവർത്തിച്ച മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.