കൊച്ചി: എറണാകുളം ബ്രോഡ് വേയിൽ വീണ്ടും തീപിടിത്തം. ബ്രോഡ് വേ പോസ്റ്റ് ഓഫീസ് ലിങ്ക് റോഡിലെ ദേശായ് ബിൽഡിംഗിൽ സ്ഥിതി ചെയ്യുന്ന പൂർണിമ ഹോൾസെയിൽ പേപ്പർ വിതരണ കടയിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് തീപിടിച്ചത്. കട പൂട്ടി ജീവനക്കാർ പോയതിന് ശേഷമാണ് അകത്ത് നിന്ന് തീപടർന്നത് ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ സ്ഥലത്തെത്തിയ അഗ്‌നി ശമന സേനാംഗങ്ങൾ പൂട്ട് പൊളിച്ച് അകത്ത് കയറുകയുയായിരുന്നു. സ്ഥാപനത്തിലെ കമ്പ്യൂട്ടർ, പ്രിൻറർ എന്നിവയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീ സമീപത്തുണ്ടായിരുന്ന മറ്റ് കമ്പ്യൂട്ടറുകളിലേക്കും മേശകളിലേക്കും പടരുകയായിരുന്നു. പൂട്ട് . തീ പടർന്നിരുന്നെങ്കിലും സമയോചിതമായ ഇടപെടൽ മൂലം അധികം നാശനഷ്ടങ്ങളുണ്ടായില്ല. ക്ലബ്ബ് റോഡ്, ഗാന്ധിനഗർ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് ഫയർ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ എസ്.അഖിൽ നേതൃത്വം നൽകി. മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളും അപകട വിവരം അറിയിക്കുന്നതിനും തീയണക്കുന്നതിനും കൃത്യമായ ഇടപെടൽ നടത്തി. വിവിധ തരത്തിലുള്ള പേപ്പറുകൾ ഹോൾസെയിലായി വിൽപന നടത്തുന്ന സ്ഥാപനമാണിത്. തീ ഇവയിലേക്കും പടർന്നു. കഴിഞ്ഞ ഞായറാഴ്ച ബ്രോഡ് വേയിൽ തന്നെ കളിപ്പാട്ടങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലും തീപിടിത്തമുണ്ടായിരുന്നു. ഇടുങ്ങിയ മുറിയിൽ സൂക്ഷിച്ചിരുന്ന ഒരു ചാക്ക് പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളാണ് കത്തി നശിച്ചത്. മെയ് 27ന് ബ്രോഡ് വെയിലെ ക്ലോത്ത് ബസാറിലുണ്ടായ വൻ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്.