സാമ്പത്തിക പരാധീനത മറികടക്കാൻ ഉൗർജിത ശ്രമം
കൊച്ചി: കെട്ടിടവും സ്ഥലവും വാടകയ്‌ക്ക് വേണോ. ഇതിലെ വരൂ. നിങ്ങളെ മാടി വിളിക്കുകയാണ് ബി.എസ്.എൻ.എൽ.സാമ്പത്തിക പരാധീനതയിൽ നിന്ന് രക്ഷനേടാനുള്ള നമ്പർ ഡയൽ ചെയ്‌ത് ബി.എസ്.എൻ.എൽ കാത്തിരിക്കുകയാണ്. വ്യക്തികൾ വിളിക്കേണ്ട. കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളോടാണ് താത്പര്യം. മേലുദ്യോഗസ്ഥന്റെ കത്തുണ്ടെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സ് നൽകാനും ബി.എസ്.എൻ.എൽ തയ്യാർ.
വിൽപ്പന
എറണാകുളം ബിസിനസ് ഏരിയ ഉൾപ്പെടുന്ന എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് വാടകയ്‌ക്ക് നൽകുന്നത്. വാടകയ്‌ക്ക് പ്രവർത്തിക്കുന്ന ബി.എസ്.എൻ.എൽ ഓഫീസുകളും സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റി തുടങ്ങി. ടവറുകൾ മാത്രമായിരിക്കും ഇനി സ്വകാര്യ കെട്ടിടങ്ങൾക്ക് മുകളിലോ സ്ഥലത്തോ പ്രവർത്തിക്കുക. സ്വന്തം കെട്ടിടങ്ങളിലെ മുറികൾ വാടകയ്‌ക്ക് നൽകാനുള്ള അവസാഘട്ട തയ്യാറെടുപ്പിലാണ് അധികൃതർ. മുൻപുണ്ടായിരുന്ന വാടക പദ്ധതി ഇപ്പോൾ കാര്യക്ഷമായി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു.
200 കെട്ടിടങ്ങൾ
എറണാകുളം ജില്ലയിൽ മാത്രം 200 കെട്ടിടങ്ങളുണ്ടെന്നാണ് ബി.എസ്.എൻ.എല്ലിന്റെ പ്രാഥമിക കണക്ക്.
130 സ്ഥലങ്ങളുംസ്വന്തമായുണ്ട്. എറണാകുളം കാരിക്കാമുറിയിലുള്ള കെട്ടിടത്തിൽ മൂന്നു നിലകൾ ഒഴിവുണ്ട്.എറണാകുളം ബോട്ടു ജെട്ടിയിലും മൂന്നു നിലകൾ വാടകയ്‌ക്ക് കൊടുക്കാൻ തയ്യാറായി.
വാടക
ഫെയർ റെന്റ് അസസ്‌മെന്റ് കമ്മിറ്റി തീരുമാനിക്കുന്ന വിലയായിരിക്കും വാടകയായി ഈടാക്കുക. വിലപേശാൻ സ്ഥാപനങ്ങൾക്ക് സാധിക്കും. സെൻട്രൽ പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങങ്ങളാകും പിന്തുടരുക. സ്വകാര്യ ലിമിറ്റഡ് കമ്പനികൾക്ക് ടെൻഡറിലൂടെ കെട്ടിടം വാടകയ്‌ക്ക് എടുക്കാം. ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകില്ല.
വിവരങ്ങൾക്ക്
0484-2378666, 2376767,2376001