ഇടപ്പള്ളി (കൊച്ചി): സബ്‌സിഡി ഇനത്തിൽ സംസ്‌ഥാനത്തെ റബർ കർഷകർ കഴിഞ്ഞ 12മാസക്കാലത്തിനിടെ നേടിയത് 210 കോടി രൂപ. 2018 ജൂലായ് മുതൽ 2019 ജൂൺ വരെയുള്ള കാലയളവിൽ വിലസ്ഥിരതാ പദ്ധതി പ്രകാരം റബർ ബോർഡാണ് തുക വിതരണം ചെയ്‌തത്. അഞ്ചുലക്ഷത്തോളം റബർ കർഷകരാണ് കേരളത്തിൽ സബ്‌സിഡിക്ക് അർഹർ.
സബ്‌സിഡി അർഹരിലധികവും ചെറുകിട കർഷകർ ഏറെയുള്ള മലബാറിലാണ്. തളിപ്പറമ്പിലാണ് ഏറ്റവും കൂടുതൽ തുക വിതരണം ചെയ്‌തത്; 13.04 കോടി രൂപ. കുറവ് കോട്ടയത്ത്; 3.4 കോടി രൂപ. റബർ ഉത്‌പാദക സംഘങ്ങളിൽ (ആർ.പി.എസ്) രജിസ്‌റ്റർ ചെയ്‌ത കർഷകർക്കാണ് സബ്‌സിഡി നൽകുന്നത്. റബർ ബോർഡിന്റെ റീജിയണൽ കേന്ദ്രങ്ങൾ മുഖേന തുക നൽകും.
റബറിന് കിലോയ്ക്ക് 150 രൂപ കണക്കാക്കി (താങ്ങുവില), വിപണി വിലയുടെ അന്തരമാണ് സബ്‌സിഡിയായി നൽകുന്നത്. അതായത്, വിപണി വില 150 രൂപയിൽ താഴെയാണെങ്കിൽ മാത്രം സബ്‌സിഡി ലഭിക്കും. വിപണിയിൽ റബർഷീറ്റ് വിറ്റതിന്റെ ബില്ല് സാക്ഷ്യപ്പെടുത്തിയാണ് സബ്‌സിഡി നൽകുന്നത്. തുക രണ്ടാഴ്‌ചയിലൊരിക്കൽ കർഷകന്റെ ബാങ്ക് അക്കൗണ്ടിലെത്തും.
2015
റബർ വിലത്തകർച്ചയുടെ പശ്‌ചാത്തലത്തിൽ 2015ലാണ് സംസ്‌ഥാന സർക്കാർ വിലസ്ഥിരതാ പദ്ധതിക്ക് തുടക്കമിട്ടത്.
5 ലക്ഷം
സബ്‌സിഡി പദ്ധതിക്ക് അർഹരായവർ സംസ്ഥാനത്ത് അഞ്ചുലക്ഷം.
₹13.04 കോടി
കഴിഞ്ഞ 12 മാസത്തിനിടെ ഏറ്രവും കൂടുതൽ തുക വിതരണം ചെയ്‌തത് തളിപ്പറമ്പിൽ; 13.04 കോടി രൂപ. കുറവ് കോട്ടയത്ത്; 3.4 കോടി രൂപ.
സബ്‌സിഡി വിതരണം
(ഏറ്റവും കൂടുതൽ നേടിയ കേന്ദ്രങ്ങൾ)
തളിപ്പറമ്പ് : ₹13.04 കോടി
മണ്ണാർക്കാട് : ₹12.45 കോടി
പാലക്കാടു : ₹12.31കോടി
കൊട്ടാരക്കര: ₹12 കോടി
തലശേരി : ₹12 കോടി
ശ്രീകണ്ഠപുരം : ₹12 കോടി
കുറവ്
കോട്ടയം : ₹3.04 കോടി
കാസർഗോഡ് : ₹3.28 കോടി
എറണാകുളം : ₹3.55 കോടി
ഈരാറ്റുപേട്ട : ₹4.46 കോടി
തൃശൂർ : ₹5.44 കോടി