story-pic
സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റ്

കൊച്ചി: തീരദേശ മേഖലാ ചട്ടം ലംഘിച്ച് നിർമിച്ച മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് അടുത്ത ആഴ്ച സർക്കാരിന് സമർപ്പിക്കും. ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിച്ച് ഫ്ലാറ്റ് പൊളിക്കുന്നതിൽ അപാകതയില്ലെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് സൂചന. ഇക്കഴിഞ്ഞ ആറിനാണ് ആഞ്ചംഗ വിദഗ്ദ്ധ സംഘം മരടിലെത്തി ഫ്ലാറ്റുകളും പരിസരവും പരിശോധിച്ചത്. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ഐ.ഐ.ടി വൃത്തങ്ങൾ നൽകുന്ന സൂചന.

സർക്കാരും മരട് മുൻസിപ്പാലിറ്റിയും ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ട് കാക്കുകയാണ്. റിപ്പോർട്ട് പഠിച്ച ശേഷമായിരിക്കും ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക.

തുടർനടപടി എടുക്കേണ്ടത് മരട് മുൻസിപ്പാലിറ്റിയാണെന്ന് സർക്കാർ ആവർത്തിച്ചത് മുൻസിപ്പാലിറ്റിക്ക് തിരിച്ചടിയായി. അഞ്ച് ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള ഭീമമായ തുക താങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതാണ് മുൻസിപ്പാലിറ്റിയെ കുഴയ്ക്കുന്നത്.

അതേസമയം,​ പുനഃപരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളിയതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഫ്ലാറ്റുടമകൾ. അഞ്ഞൂറിലധികം ഫ്ലാറ്റുടമകളാണുള്ളത്. പത്ത് വർഷം മുമ്പ് 40 ലക്ഷം മുടക്കി വാങ്ങിയത് മുതൽ ഒരു വർഷം മുമ്പ് മൂന്നു കോടി മുടക്കി വാങ്ങിയവർവരെ ഫ്ളാറ്റിന്റെ ഉടമകളായുണ്ട്. കഴിഞ്ഞ 11നാണ് ഫ്ലാറ്റ് ഉടമകൾ നൽകിയ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളിയത്. കേസിൽ തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ളാറ്റുടമകൾ നേരത്തെ നൽകിയ ഹർജിയും കോടതി തള്ളിയിരുന്നു.

മേയ് എട്ടിനാണ് തീരദേശ മേഖലാ ചട്ടം ലംഘിച്ച് നിർമിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്. ഒരു മാസത്തിനകം പൊളിച്ചുമാറ്റിയ ശേഷം റിപ്പോർട്ട് നൽകാനായിരുന്നു വിധി. ഉടമകൾക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കേരള തീരദേശ പരിപാലന അതോറിട്ടി നൽകിയ അപ്പീലിലാണ് ഫ്ലാറ്റ് പൊളിക്കാൻ സുപ്രീം കോടതി വിധിച്ചത്.

'' ചട്ടം ലംഘിച്ച് നിർമ്മിച്ച മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് മരട് നഗരസഭയാണ്. മാനുഷിക പരിഗണന അർഹിക്കുന്ന വിഷയമായതിനാൽ മരട് നഗരസഭ സുപ്രീംകോടതിയെ സമീപിക്കുമോ എന്നറിയില്ല.
എ.സി. മൊയ്തീൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി