കൊച്ചി: മുഖ്യപ്രതിയടക്കം ആറുപേരെ അറസ്റ്റ് ചെയ്തു. നിർണ്ണായക രേഖകൾ പിടിച്ചെടുത്തു. വിവിധ അന്വേഷണ ഏജൻസികളുടെ സഹായം തേടി. എന്നിട്ടും രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മുനമ്പം മനുഷ്യക്കടത്ത് കേസിൽ ആഴക്കടലിൽ ഒറ്റപ്പെട്ടതുപോലെയുള്ള അവസ്ഥയിലാണ് കേരള പൊലീസ്. ബോട്ടിൽ കടന്നവരെ കണ്ടെത്താനാവാത്തതോടെ ആ വഴിക്കുള്ള അന്വേഷണം വഴിമുട്ടി. കുട്ടികൾ ഉൾപ്പടെ 87 പേരാണ് മുനമ്പത്ത് നിന്നും ആസ്ട്രേലിയ ലക്ഷ്യമാക്കി കടന്നത്. ഇവർ ആരെല്ലാമെന്ന് വ്യക്തതയില്ലാത്തതിനാൽ കുറ്റപത്രം സമർപ്പിക്കുന്നതും വൈകുകയാണ്. കേരളാ പൊലീസിന് പുറമേ തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, ഐ.ബി, മിലിട്ടറി ഇന്റലിജൻസ്, നേവി, കോസ്റ്റ് ഗാർഡ്, അന്താരാഷ്ട്ര ഏജൻസികൾ എന്നിവരും കേസിൽ അന്വേഷണം നടത്തിയിരുന്നു.
മുനമ്പത്ത് നിന്നും കടന്നവർ ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇന്തോനേഷ്യ, മലേഷ്യ, അൾജീരിയ തുടങ്ങി പല രാജ്യങ്ങളിലായി എത്തിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെ ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. ഏറ്റവും ഒടുവിൽ വിദേശ നമ്പറുകളിൽ നിന്ന് ഏതാനും മിസ്ഡ് കോളുകൾ ഇവരുടെ ബന്ധുക്കൾക്ക് ലഭിച്ചിരുന്നെങ്കിലും വിളിച്ചത് ആരെന്ന് കണ്ടെത്താനായില്ല. അൾജീരിയയിലെ അന്നാബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കോളുകൾ എത്തിയത്. കോൺസുലേറ്റിന് ഈ നമ്പർ കൈമാറിയിരുന്നു. എന്നാൽ, മനുഷ്യക്കടത്ത് കേസുമായി ഈ നമ്പറിന് ബന്ധമില്ലെന്നാണ് കോൺസുലേറ്റ് പൊലീസിനെ അറിയിച്ചത്.
അതേസമയം, മനുഷ്യക്കടത്തിനെ കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിനും യാതൊരു വിവരവും ലഭിച്ചിട്ടില്ല. പസഫിക് സമുദ്രത്തിലൂടെയായിരുന്നു ബോട്ട് പുറപ്പെട്ടതെന്ന് തിരിച്ചറിഞ്ഞ വിദേശകാര്യ മന്ത്രാലയം മേഖലയിലെ രാജ്യങ്ങൾക്ക് ഇതേ കുറിച്ച് വിവരം നൽകുക മാത്രമാണ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 12ന് പുലർച്ചെ മുനമ്പം ഹാർബറിൽ നിന്ന് ദയാ മാത എന്ന മത്സ്യ ബന്ധന ബോട്ടിലായിരുന്നു മനുഷ്യക്കടത്ത് നടന്നത്. ശ്രീലങ്കൻ അഭയാർത്ഥികളും തമിഴ് വംശജരും തിങ്ങിപ്പാർക്കുന്ന ഡൽഹിയിലെ അംബേദ്കർ കോളനിയിലുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു മനുഷ്യക്കടത്ത് സംഘം പ്രവർത്തിച്ചത്. മാല്യങ്കര കടവിൽ ഇവർ ഉപേക്ഷിച്ച ബാഗുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് മനുഷ്യക്കടത്തിലേക്കുള്ള സൂചന ലഭിച്ചത്. കണ്ടെത്തിയ ബാഗുകളിൽ നിന്ന് സിംഹള ഭാഷയിൽ എഴുതിയ രണ്ടുപേരുടെ ജനന സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. മത്സ്യബന്ധന ബോട്ടിൽ കയറാനാകാതെ തിരികെ പോകേണ്ടി വന്നയാളെ ഡൽഹിയിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നത്.