nh-office-news
ദേശീയപാത സ്ഥലമെടുപ്പ് ഓഫീസ് പ്രതിസന്ധിയിൽ

പറവൂർ : ദേശീയപാത 66 വികസനത്തിന് സ്ഥലമെടുപ്പിനായി തുടങ്ങിയ പറവൂർ അത്താണിയിലെ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് പ്രവർത്തനം സാമ്പത്തിക പ്രതിസന്ധി മൂലം നിലയ്ക്കുന്നു. ഒമ്പത് മാസം മുമ്പാണ് ഓഫീസ് തുറന്നത്. മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ 24 കിലോമീറ്റർ 15 മീറ്റർ കൂടി സ്ഥലം ഏറ്റെടുത്ത് റോഡിന്റെ വീതി 45 മീറ്ററാക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ പ്രവർത്തനങ്ങൾ പകുതി വഴിയിൽ മുടങ്ങിക്കിടക്കുകയാണ്. അതിനിടയിലാണ് സാമ്പത്തിക പ്രതിസന്ധിയും.
ഡെപ്യൂട്ടി കളക്ടർ അടക്കം അമ്പതോളം ജീവനക്കാരാണ് ഓഫീസിലുള്ളത്. ഇവർക്ക് ശമ്പളം ലഭിച്ചിട്ട് മാസങ്ങളായി. ഓഫീസിന്റെ വാടകയും മുടങ്ങി. കമ്പ്യൂട്ടർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നിവ വാങ്ങിയ വ്യാപാര സ്ഥാപനത്തിന് ഇതുവരെ പണം നൽകി​യി​ല്ല. വൈദ്യുതി ബില്ല് അടക്കാത്തതുമൂലം കണക്ഷൻ വിഛേദിച്ചു. പി​ന്നെ ജീവനക്കാർ പിരിവെടുത്ത് പണം അടച്ചാണ് പുന:സ്ഥാപിച്ചത്.

ഡെപ്യൂട്ടി കളക്ടർ വിരമിച്ചുവെങ്കിലും പുതിയ ഓഫീസർ എത്തിയിട്ടില്ല. സ്ഥല ഉടമകളുടെ ഹിയറിംഗും സ്തംഭിച്ചു.

പുതിയ അലൈൻമെൻറ് സ്കെച്ച് എത്തിയതോടെ നേരത്തേ സ്ഥാപി​ച്ച അതിർത്തി കുറ്റികൾ മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാർ. പുറമെ സ്ഥലമെടുപ്പ് വിജ്ഞാപനത്തിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പർ പലതും വിട്ടു പോയ പ്രശ്നവും പരിഹരിക്കണം. എല്ലാ അപാകതകളും പരിഹരിച്ചു വേണം സ്ഥലമെടുപ്പു നടപടികളുമായി മുന്നോട്ട് പോകാൻ. സ്ഥലമെടുപ്പ് നാട്ടുകാരുടെ കാര്യമായ എതിർപ്പുകളില്ലാതെ മുന്നോട്ട് പോകുമ്പോഴാണ് സർക്കാർ ഉഴപ്പുന്നത്.