marine
മറൈൻഡ്രൈവ്

സുന്ദരിയാകാൻ സമയമെടുക്കും

കൊച്ചി: പൊട്ടിപ്പൊളിഞ്ഞ ടൈലുകൾ, തുരുമ്പ് പിടിച്ച ഇരിപ്പിടങ്ങൾ, ഇടിഞ്ഞുപൊളിഞ്ഞ മരച്ചുവടുകൾ, കത്താത്ത തെരുവ് വിളക്കുകൾ, വെള്ളക്കെട്ട്, പ്ളാസ്റ്റിക് മാലിന്യ കൂമ്പാരങ്ങൾ..

നിരവധി ഹിറ്റ് സിനിമകളിലെ ഗാനരംഗങ്ങളുടെ പ്രധാന ലൊക്കേഷനായിരുന്ന മറൈൻഡ്രൈവിലെ ഇപ്പോഴത്തെ കാഴ്ച ഇതൊക്കെയാണ്. നടപ്പാത കൈയേറി കച്ചവടവും മഴവിൽപ്പാലം വരെ നിരക്കുന്ന ഭിക്ഷക്കാരും നടപ്പാതയുടെ ശോഭ കെടുത്തുന്നു.

നഗരവാസികളുടെ ഇഷ്ടകേന്ദ്രം നേരെചൊവ്വെയാക്കാൻ ഹൈക്കോടതി ഇടപെട്ടെങ്കിലും നടപടികൾ നീളുമെന്നാണ് സൂചനകൾ.

# സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം

കൊച്ചിയിലെ കായൽ, മനോഹരമായ നടപ്പാതകൾ, ബോട്ടിലെ ഉല്ലാസ യാത്രകൾ. ഇതിന്റെയെല്ലാം കീർത്തി ലോകമെങ്ങും എത്തിയിട്ടുണ്ട്. ടൂറിസ്റ്റ് സീസണായാൽ തിരക്ക് ഇരട്ടിയാകും. ആഗോള ടൂറിസ്റ്റ് ഭൂപടത്തിൽ ഇടംപിടിച്ചിട്ടും മറൈൻഡ്രൈവിനെ അധികൃതർ അവഗണിക്കുകയാണ്.

# നിരീക്ഷണ ക്യാമറയില്ല, മാലിന്യക്കുപ്പയില്ല

ഭക്ഷണ അവശിഷ്ടങ്ങളടക്കം നിരവധി മാലിന്യങ്ങളാണ് കൂടിക്കിടക്കുന്നത്. കച്ചവടക്കാർ പ്ലാസ്റ്റിക് മാലിന്യങ്ങൾ നേരെ കായലിലേക്ക് തള്ളും. പ്ലാസ്റ്റിക് കുപ്പിയടക്കം അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടുണ്ട്. വീടുകളിൽ നിന്നുള്ള മാലിന്യം കവറുകളിലാക്കി തള്ളുന്നതായും പരാതിയുണ്ട്. നടപ്പാതയിൽ ആവശ്യത്തിന് മാലിന്യക്കുപ്പകൾ ഇല്ലാത്തത് വലിയ പോരായ്മയാണ്. വേണ്ടത്ര നിരീക്ഷണ സംവിധാനങ്ങളില്ലാത്തത് സാമൂഹ്യവിരുദ്ധർക്ക് അനുഗ്രഹമാകുന്നു.

# സൗന്ദര്യവത്കരണം സ്മാർട്ട് സിറ്റി മിഷന്റെ കീഴിൽ

വാക്‌വേയിലെ ശുചീകരണം സ്വകാര്യ ഏജൻസിയെയാണ് ഏല്പിച്ചിരിക്കുന്നതെന്ന് ജി.സി.ഡി.എ ചെയർമാൻ വി. സലിം പറഞ്ഞു. 24 മണിക്കൂറും കാവലുണ്ട്. ഇതിനായി മൂന്ന് ജീവനക്കാരെ ചുമതലപ്പെടുത്തി.

മറൈൻഡ്രൈവിന്റെ സൗന്ദര്യവത്കരണം കൊച്ചി സ്മാർട്ട് സിറ്റി മിഷന്റെ കീഴിലേയ്ക്ക് മാറ്റി. 7.10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. രണ്ടു തവണ ടെൻഡർ വിളിച്ചെങ്കിലും ഒരു കരാറുകാരൻ മാത്രമാണ് പങ്കെടുത്തത്. ഭാവിയിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രണ്ടു കരാറുകളും റദ്ദാക്കി. അടുത്ത ടെൻഡറിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞു.

# ആദ്യഘട്ടം രാജേന്ദ്രമൈതാനം മുതൽ

ആധുനിക ഇരിപ്പിടങ്ങൾ, വഴിവിളക്കുകൾ, ബിന്നുകൾ, സി.സി.ടി.വി കാമറകൾ

പുതിയ ടൈലുകൾ

കായലിന് അഭിമുഖമായി ഇരുമ്പ് വലകൾ

മരങ്ങൾക്ക് ചുറ്റും മതിൽ

മാലിന്യസംസ്‌കരണത്തിന് ശാസ്ത്രീയ മാർഗങ്ങൾ

സാധാരണ ദിവസങ്ങളിൽ

മറൈൻഡ്രൈവ് സന്ദർശിക്കുന്നത്

20,000 പേർ