നെടുമ്പാശേരി: സ്‌പൈസ് ജെറ്റ് ദുബായ് വിമാനം അവസാന നിമിഷം റദ്ദാക്കിയതിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ചെന്നൈയിൽ നിന്ന് തിങ്കൾ രാത്രി പത്ത് മണിയോടെ കൊച്ചിയിലെത്തിയ വിമാനം 10.40നാണ് പുറപ്പെടേണ്ടിയിരുന്നത്.
യന്ത്രത്തകരാറിന്റെ പേരിലാണ് യാത്ര മുടങ്ങിയത്. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വിമാനത്തിൽ ഉണ്ടായിരുന്നവരും കൊച്ചിയിൽ നിന്നും കയറാനിരുന്നവരും പ്രതിഷേധിച്ചു. തുടർന്ന് ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി. പിന്നീട് ഇന്നലെ മറ്റ് വിമാനങ്ങളിൽ ദുബായിലേക്ക് കയറ്റിവിട്ടു. ഈ വിമാനം ഇന്നലെ രാവിലെ 8.40ന് തിരികെ കൊച്ചിയിലെത്തേണ്ടതാണ്. ഈ സർവീസും റദ്ദാക്കിതോടെ ഇതേ വിമാനത്തിൽ ചെന്നൈയിലേക്കും ദുബായിയിലേക്കും ടിക്കറ്റ് എടുത്തവരും ദുരിതത്തിലായി.
സ്‌പൈസ് ജെറ്റിൽ ലഗേജും എത്തുന്നില്ലെന്ന് പരാതി
ദുബായിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിൽ ലഗേജ് ഇല്ലാതിരുന്നതും ബഹളത്തിനിടയാക്കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കൊച്ചിയിലെത്തിയ ശേഷമാണ് ലഗേജ് അടുത്ത ദിവസമേ എത്തൂ എന്ന് യാത്രക്കാർ അറിഞ്ഞത്.