കൊച്ചി: മാലിന്യ സംസ്കരണത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ 19ന് ജില്ലയിൽ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ
വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'മാലിന്യമില്ലാത്ത മലയാള നാട്' എന്ന മുദ്രാവാക്യമുയർത്തി ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. രാവിലെ പത്തിന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. മേയർ സൗമിനി ജെയിൻ അദ്ധ്യക്ഷയാകും. മാലിന്യ സംസ്കരണം സംബന്ധിച്ച പ്രശ്നങ്ങൾ പരിശോധിക്കാൻ സുപ്രിം കോടതി നിയോഗിച്ച കമ്മിറ്റിയിലെ അംഗമായ അൽമിത്ര പട്ടേൽ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ എസ്. ശർമ, വി.ഡി സതീശൻ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുക്കും.
2005 ൽ തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃതിൽ ഉൾപ്പെടുത്തി ആറ് കോർപറേഷനുകളിലും മൂന്ന് മുൻസിപ്പാലിറ്റികളിലുമായി നടപ്പാക്കാൻ വിഭാവനം ചെയ്ത ദ്രവ മാലിന്യ സംസ്‌കരണ പദ്ധതിയ്ക്കായി മാത്രം 629 കോടി രൂപ അനുവദിച്ചിരുന്നു. അതിൽ 24 കോടി രൂപ മാത്രമാണ് സംസ്ഥാനം മുടക്കിയത്. 2020 മാർച്ച് 31നകം മാലിന്യ സംസ്‌കരണ പദ്ധതികൾ നപ്പാക്കിയില്ലെങ്കിൽ ബാക്കി തുക സംസ്ഥാനത്തിന് നഷ്ടപ്പെടും. ഇതൊഴിവാക്കാൻ കൊച്ചിയിൽ വിജയകരമായി പ്രവർത്തിക്കുന്ന പാക്കേജ് സെപ്റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ മാതൃകയിൽ ഒൻപതു നഗരസഭകളിൽ 25 പ്ലാന്റുകൾ നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.