കൊച്ചി: വീട് വയ്ക്കുന്നതിനുള്ള അനുമതിക്കും ഒക്യുപെൻസി സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കുമെന്ന് തദ്ദേശ സ്ഥാപന വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കൊച്ചി കോർപ്പറേഷനിലെ കെട്ടിക്കിടക്കുന്ന പെർമിറ്റ്, ഒക്യുപെൻസി അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള ഫയൽ അദാലത്ത് ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോണൽ കൗണ്ടറുകളിൽ പരിഹരിക്കാൻ കഴിയാത്തവ ജില്ലാതലത്തിലും ആവശ്യമെങ്കിൽ മന്ത്രിതലത്തിലും പരിഹരിക്കും.
പെർമിറ്റിന് അപേക്ഷിക്കാനെത്തുന്നവരോട് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് മന്ത്രി കർശന നിർദേശം നൽകി. അപേക്ഷയിൽ തകരാർ ഉണ്ടെങ്കിൽ ആദ്യത്തെ തവണ തന്നെ അപേക്ഷരോട് വ്യക്തമാക്കണം. നിയമം ലംഘിച്ചുകൊണ്ടുള്ള നിർമ്മാണങ്ങൾ നടത്തിയവരെ സർക്കാർ സഹായിക്കില്ല. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകാനുള്ള വേദിയല്ല അദാലത്ത്. മന്ത്രി പറഞ്ഞു.
ഇഗവേണൻസ് പദ്ധതിയിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം കെട്ടിട നിർമ്മാണ അനുമതി അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടായതായി മേയർ സൗമിനി ജെയിൻ പറഞ്ഞു. അപേക്ഷകൾ മാനുവലായി പാസാക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. നെൽവയൽ സംരക്ഷണ നിയമം, തണ്ണീർത്തട സംരക്ഷണ നിയമം, തീരദേശ പരിപാലന നിയമം എന്നിവയുടെഅനുമതി ലഭിക്കാത്തതു മൂലം തീർപ്പുകൽപ്പിക്കാനാകാത്ത അപേക്ഷകളുണ്ട്.
കെട്ടിട നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ അദാലത്ത് സംഘടിപ്പിക്കാനുള്ള തീരുമാനം കൊച്ചി കോർപ്പറേഷനിലാണ് ആദ്യമായി നടപ്പാക്കുന്നത്.
ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിരുന്നതിനാൽ ഓൺലൈൻ വഴി പെർമിറ്റ് അപേക്ഷ പരിഗണിക്കാൻ കഴിയാതിരുന്ന മൂന്ന് പേരുടെ അപേക്ഷകൾ തീർപ്പാക്കി. 1200 സ്‌ക്വയർ ഫീറ്റ് വരെയുള്ള വീടുകൾക്ക് അനുമതി നൽകാം എന്ന 2018ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്.
മേയർ സൗമിനി ജെയിൻ അദ്ധ്യക്ഷയായി. കെ.ജെ. മാക്‌സി എം.എൽ.എ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗ്രേസി ജോസഫ്, എ.ബി. സാബു, പ്രതിഭ അൻസാരി, പി.എം. ഹാരിസ്, കെ.വി.പി. കൃഷ്ണകുമാർ, പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, തുടങ്ങിയവർ പങ്കെടുത്തു.