kpa-majeedh
മുസ്ലീംലീഗ് ജില്ലാ പ്രവർത്തക സംഗമം ആലുവയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ രാജ്യത്ത് മതവിഭാഗങ്ങളെ വേർതിരിച്ച് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു .

ലോകത്തിന് തന്നെ മാതൃകയായിപതിറ്റാണ്ടുകളായി നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തിന്റെ കടക്കൽ കത്തി വയ്ക്കാനാണ് ഇവർ ശ്രമിക്കുന്നത്. മുസ്ലീംലീഗ് ജില്ലാ പ്രവർത്തക സംഗമം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഎപിഎ പോലുള്ള കരിനിയമങ്ങൾ കൂടുതൽ ശക്തമാക്കി കൊണ്ട് വ്യക്തികളുടെ മേലും അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഭൂരിപക്ഷ സമുദായ അംഗങ്ങൾ കൂടുതലുള്ള ലോക്സഭ മണ്ഡലമായ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് വർഗീയ ശക്തികൾക്കു മേൽ മുസ്ലിം ലീഗിന്റെ വിജയം ജനാധിപത്യത്തിന്റെ വിജയം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്മാൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, സംസ്ഥാന സെക്രട്ടറിമാരായ പി.എം. സാദിഖലി, സി.എച്ച്. റഷീദ് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽ ഗഫൂറും സ്വാഗതവും നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ.എ. ലത്തീഫ് നന്ദിയും പറഞ്ഞു.