school
പാറക്കടവ് ബ്ലോക്കിൽ നിർമ്മിക്കുന്ന പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ മാതൃക

നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പരിധിയിലെ മൂന്ന് സർക്കാർ എൽ.പി സ്‌കൂളുകൾക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതും അതി ശോചനീയാവസ്ഥയിൽ സ്ഥിതി ചെയ്യുന്നതുമായ സ്‌കൂളുകളാണ് പുനർനിർമ്മിക്കുന്നത്.

ഗവ. എൽ.പി സ്‌കൂൾ പാറക്കടവ്, ഗവ.എൽ.പി സ്‌കൂൾ മള്ളശ്ശേരി, ഗവ എൽ.പി സ്‌കൂൾ മാമ്പ്ര എന്നിവിടങ്ങളിൽ അടുത്ത അദ്ധ്യയന വർഷം ആരംഭിക്കുക പുതിയ കെട്ടിടത്തിലായിരിക്കും. പാർലമെന്റ് അംഗങ്ങളുടെ ലോക്കൽ ഏരിയ ഡവലപ്‌മെന്റ് പദ്ധതി പ്രകാരമാപാറക്കക്കടവ് ബ്ലോക്കിലെ സ്‌കൂളുകൾക്കായി 3.60 കോടി രൂപ വിനിയോഗിക്കും. സ്‌കൂളുകൾ പൂർണമായും പുനർനിർമ്മിക്കും. രണ്ടുനിലകളിലായാണ് കെട്ടിടം പണിയുക. ഏഴ് ക്ലാസ് മുറികൾ, ഹെഡ്മാസ്റ്ററുടെ മുറി, സ്റ്റാഫ് റൂം ഉൾപ്പെട്ട രണ്ടുനിലകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റും പുതിയ കെട്ടിടത്തിലുണ്ടാകും.

പാറക്കടവ് സ്‌കൂൾ പ്രളയത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച സ്‌കൂളുകളിൽ ഒന്നാണ്. പ്രളയത്തിൽ ഭിത്തികൾ പൊട്ടുകയും സ്‌കൂൾ ഉപകരണങ്ങൾ നശിക്കുകയും ചെയ്തിരുന്നു. മറ്റ് രണ്ട് സ്‌കൂളുകളും അതിശോചനീയാവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയായാൽ നിർമാണം ആരംഭിക്കുമെന്ന് പാറക്കടവ് ബ്ലോക്ക് അസി.എക്‌സി.എൻജിനീയർ പറഞ്ഞു. ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.